തിരുവനന്തപുരം: ഫേസ്ബുക്ക് പേജില്‍ തന്റെ പേരില്‍ വന്ന വ്യാജ പോസ്റ്റിനെതിരെ നിയമനടപടിക്കൊരുങ്ങി നടി മാലാ പാര്‍വ്വതി. മുഖ്യമന്ത്രി പിണറായി വിജയന് ഇന്ത്യയുടെ പ്രധാനമന്ത്രി ആയ ശേഷം മാത്രമേ അഭിനയ രംഗത്ത് തുടരുകയുള്ളൂവെന്ന് പറഞ്ഞുകൊണ്ട് പ്രചാരണം നടക്കുന്നത്. സംഭവത്തിന്റെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പടെ എടുത്താണ് താരം വ്യാജ പ്രചരണത്തിനെതിരെ പ്രതികരിച്ചത്. യുവത എന്ന ഫേസ്ബുക്ക് പേജിലാണ് മാലാ പാര്‍വ്വതി പറഞ്ഞു എന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തിയത്.
താന്‍ പറയാത്ത കാര്യങ്ങളാണ് പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നും തന്റെ ചിത്ര സഹിതം ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും മാലാ പാര്‍വ്വതി പറഞ്ഞു. ഇത് സംഘടിതമായ സൈബര്‍ ആക്രമണത്തിന്റെ ഭാഗമാണെന്നും താന്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘വൈകുന്നേരത്തോടെയാണ് ഇത്തരത്തിലൊരു പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടത്. ഇത് സംഘടിതമായ സൈബര്‍ ആക്രമണത്തിന്റെ ഭാഗമാണ്. വിഷയാധിഷ്ഠിതമായി സര്‍ക്കാരിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന പോസ്റ്റുകള്‍ ഇടാറുണ്ട്. ചിലപ്പോള്‍ അല്ലാതെയും. യുവതയില്‍ വന്ന പോസ്റ്റ് പൂര്‍ണമായും തെറ്റി ധരിപ്പിക്കപ്പെടുന്നതാണ്,’ മാലാ പാര്‍വ്വതി പറയുന്നു.
Discussion about this post