തിരുവനന്തപുരം: സ്പ്രിംഗ്ലർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നടപടികളെ കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദങ്ങളുടെ പേരിൽ ശരിയായ ഒരു നടപടിയും ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിവാര സംവാദപരിപാടിയായ ‘നാം മുന്നോട്ടിൽ’ ആണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ശരിയും തെറ്റും ജനത്തിന് തിരിച്ചറിയാമെന്നും സ്പ്രിംഗ്ലർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകളിങ്ങനെ: ഞാൻ നേരത്തെ പ്രഖ്യാപിച്ച ഒരു കാര്യമുണ്ട്. ശരിയല്ലാത്ത ഒരു വിവാദത്തിന്റെയും മേലെ, ശരിയായ ഒരു നടപടിയും പിൻവലിക്കില്ല എന്ന്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആ ഒരു നിലപാട് തന്നെയാണ് സ്വീകരിച്ചു വരുന്നത്.
വിവാദ വ്യവസായികൾ അവരുടെ മനസ്സിൽ കെട്ടിച്ചമച്ചുണ്ടാക്കുന്ന ആക്ഷേപങ്ങൾ പരസ്യമായി ഉയർത്തിയാൽ അതിന്റെ മീതെ ഏതെങ്കിലും പദ്ധതികൾ ഉപേക്ഷിക്കുക എന്നൊരു നിലപാട് ഒരു സർക്കാറിന് സ്വീകരിക്കാൻ പറ്റില്ല എന്നു തന്നെയാണ് ഇപ്പോഴുള്ള സർക്കാരിന്റെ ദൃഢമായ അഭിപ്രായം. ആ നിലയ്ക്ക് തന്നെയാണ് മുന്നോട്ടു പോകുന്നത്.
പ്രവാസികൾ മടങ്ങിയെത്തിയാൽ അവർക്കു വേണ്ടിയുള്ള പരിശോധന സൗകര്യവും ക്വാറന്റൈൻ സൗകര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇവരെ തിരിച്ചു കൊണ്ടുവരുന്നിതിനുള്ള അനുകൂല നടപടികൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പങ്കുവെച്ചു.
Discussion about this post