ഇടുക്കി: രോഗം ഭേദമായിട്ടും സമൂഹം അംഗീകരിക്കുന്നില്ലെന്ന് ഇടുക്കിയിലെ കൊവിഡ് മുക്തനായ പൊതുപ്രവര്‍ത്തകന്‍ എപി ഉസ്മാന്‍. കൊവിഡ് നെഗറ്റീവായെങ്കിലും എല്ലാവരും ഭീതിയോടെയാണ് തന്നെ കാണുന്നതെന്നും രോഗം മാറിയവരോടുള്ള സമൂഹത്തിന്റെ അവഗണന മാനസിക സംഘര്‍ഷമുണ്ടാക്കുന്നെന്നും ഉസ്മാന്‍ പറയുന്നു.
ഇടുക്കി ചെറുതോണി സ്വദേശിയായ കോണ്‍ഗ്രസ് നേതാവ് ഉസ്മാന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലുമെല്ലാം ഇദ്ദേഹത്തെ ആക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ അനവധിയായിരുന്നു.
ഇപ്പോള്‍ രോഗം ഭേദമായെങ്കിലും കുറ്റപ്പെടുത്തലുകള്‍ക്കും അവഗണനയ്ക്കും കുറവില്ലെന്ന് അദ്ദേഹം പറയുന്നു. വീടിനുള്ളില്‍ തന്നെ പുസ്തകം വായിച്ചും, പ്രാര്‍ഥിച്ചും ദിവസങ്ങള്‍ തള്ളി നീക്കുകയാണെന്നും ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡ് ലോകത്താകെ നിയന്ത്രണത്തിലാകുന്നത് വരെയും കോവിഡ് രോഗികളും, രോഗമുക്തരും സമൂഹത്തിന്റെ അവഗണനയും കുറ്റപ്പെടുത്തലുകളും നേരിടേണ്ടിവരുമോയെന്നാണ് ഉയരുന്ന ആശങ്ക.