തൃശ്ശൂർ: കൊവിഡ് മഹാമാരി വ്യാപനത്തെ തടയാൻ സർക്കാർ സംവിധാനങ്ങൾ കിണഞ്ഞുപരിശ്രമിക്കുമ്പോൾ ലോക്ക്ഡൗണിൽ വീട്ടിൽ അടച്ചുപൂട്ടിയിരിക്കുന്ന നമ്മൾ സുരക്ഷിതരാണ്. ജനത്തിന്റെ ഭാഗത്തുനിന്നുള്ള ചെറിയ പിഴവ് പോലും വലിയ ആപത്ത് സൃഷ്ടിക്കുമെന്നതിനാൽ സദാജാഗരൂകരായി 24 മണിക്കൂറും നിരീക്ഷണവുമായി കേരളാ പോലീസും ആരോഗ്യപ്രവർത്തകരും നമുക്കുചുറ്റും ഉണ്ട്.
രാപ്പകലില്ലാതെ ജനസേവനവുമായി രംഗത്തിറങ്ങിയിരിക്കുന്ന പോലീസ് സേനയെ ഈ കൊവിഡ് കാലത്ത് അഭിനന്ദിക്കാതിരിക്കാനുമാകില്ല. എന്നാൽ പോലീസ് സേനയുടെ കഷ്ടപ്പാടിനെ കുറിച്ച് അധികമാരും ഓർക്കുന്നുണ്ടാകില്ല. ഇക്കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് ഈ മഹാമാരി കാലത്ത് പോലീസ് ഉദ്യോഗസ്ഥരുടെ അവസ്ഥയും ജോലിയോടും സേവനത്തോടുമുള്ള അവരുടെ ആത്മാർത്ഥതയും ഒരു ‘അമ്മ’ പോലീസിലൂടെ വരച്ചിടുന്ന ‘നൂപുരം’ എന്ന ഹ്രസ്വ ചിത്രം സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. തൃശ്ശൂർ പോലീസാണ് ഈ ഹ്രസ്വ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. പോലീസുകാരുടെ ജീവിത യാഥാർത്ഥ്യം ഒട്ടും അതിശയോക്തി കലർത്താതെ എഴുതി തയ്യാറാക്കിയതാകട്ടെ തൃശ്ശൂർ റേഞ്ച് ഡിഐജി എസ് സുരേന്ദ്രൻ ഐപിഎസും.
സ്വന്തം ജീവൻ പോലും അപകടത്തിലാക്കിയുള്ള മഹാമാരി കാലത്തെ ഡ്യൂട്ടിയോട്, നോ പറയാത്ത പോലീസ് സേനയെ ഹൃദയസ്പർശിയായാണ് ഈ ഹ്രസ്വ ചിത്രം വരച്ചിടുന്നത്. ഒരു ഡയലോഗ് പോലുമില്ലാതെ ഒരു വനിതാ പോലീസ് കോൺസ്റ്റബിളിന്റെ ജീവിതത്തിലെ സാധാരണ ഡ്യൂട്ടി ദിനത്തിലെ കാഴ്ചയാണ് ഈ ഹ്രസ്വ ചിത്രം പറയുന്നത്.
പൊരിവെയിലിലും മഞ്ഞിലും മഴയിലും കേരളാ പോലീസ് സേന കർത്തവ്യം കൃത്യമായി ചെയ്യാറുള്ളതുമാണ്. പോലീസിന്റെ കൊവിഡ് കാലത്തെ സേവനം എടുത്തുപറയാതിരിക്കാനുമാകില്ല. പൊരിവെയിലിൽ സ്വന്തം വീട്ടിൽ അടച്ചുപൂട്ടിയിരിക്കാതെ നിരത്തിലിറങ്ങി വിയർപ്പൊഴുക്കുകയാണ് അവർ. സ്വന്തം കുഞ്ഞിന്റെ കളിചിരികൾ ആസ്വദിച്ചും കുഞ്ഞിന് കരുതലിന്റെ തണൽ നൽകിയും കൂടെയിരിക്കാനാകാതെ പോകുന്ന അസംഖ്യം പോലീസ് അമ്മമാരുടെ നേർച്ചിത്രം കൂടിയാണ് ഈ ചിത്രം. കത്തുന്ന വെയിലിൽ ഒരു കുപ്പി വെള്ളത്തിന്റെ ബലത്തിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരുടെ കഷ്ടപ്പാടും ഈ ഹ്രസ്വ ചിത്രം കാണിച്ചുതരുന്നു. പോലീസ് സേനയുടെ കർത്തവ്യവും കഷ്ടപ്പാടും വിവരിച്ച് കുഞ്ഞുസന്ദേശവുമായി നടി മഞ്ജു വാര്യരും ഈ ഹ്രസ്വ ചിത്രത്തിന്റെ ഭാഗമായിരിക്കുന്നു. മോഹൻ സിതാരയും മകൻ വിഷ്ണു മോഹൻ സിതാരയും തയ്യാറാക്കിയ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ കാതൽ. ഡിഐജി എസ് സുരേന്ദ്രൻ ഐപിഎസിന്റെതാണ് കഥയും തിരക്കഥയും. ടോണി ചിറ്റേട്ടുകളമാണ് സംവിധാനം. സുജ രഞ്ജിത്, ബേബി അദിത്രി രഞ്ജിത്, പോലീസ് ഉദ്യോഗസ്ഥനായ ജയ്ജു, ജോസ് വിവി, സുമതി, അനീഷ, വൈശാഖ് എന്നിവരാണ് അഭിനേതാക്കൾ.
കേരളാ പോലീസ് സേനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഹ്രസ്വ ചിത്രം പുറത്തിറക്കിയിരിക്കുന്നത്. ഹ്രസ്വ ചിത്രത്തെ കുറിച്ച് പോലീസിന്റെ കുറിപ്പിങ്ങനെ:
കൊറോണ എന്ന മഹാമാരിക്കെതിരെ രാപ്പകലില്ലാതെ പോരാടുകയാണ് പോലീസും, ആരോഗ്യപ്രവർത്തകരും.സ്വന്തം കുടുംബത്തെ പോലും മറന്നാണ് ഇവർ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ഏവർക്കും വേണ്ടി സ്വന്തം ജീവൻ പോലും പണയം വച്ച് ഈ മഹാവ്യാധിയെ തുരത്താൻ പോലീസ് എപ്പോഴും ജാഗരൂഗരാണ്. നിങ്ങളുടെ സഹകരണമാണ് ഞങ്ങളുടെ വിജയം. ഇത്തരം സേവനങ്ങളുടെ ഒരു ചെറു കാഴ്ച വീഡിയോയിലൂടെ പങ്കു വയ്ക്കുന്നു . ഈ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ഒരു ബിഗ് സല്യൂട്ട്.