പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി, അമ്മയുടെ നഗ്നചിത്രങ്ങള്‍ നല്‍കിയാല്‍ നീക്കാമെന്ന് നിര്‍ദേശം, കോഴിക്കോട് 19കാരന്‍ പിടിയില്‍

കോഴിക്കോട്; അശ്ലീല അടിക്കുറിപ്പോടെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 19 കാരന്‍ പിടിയില്‍. കോഴിക്കോട് ജില്ലയിലാണ് സംഭവം. സംഭവത്തില്‍ താമരശ്ശേരി അമ്പായത്തോട് സ്വദേശി മജ്‌നാസ്(19) ആണ് പിടിയിലായത്.

ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് അശ്ലീല കമന്റും ഇന്‍സ്റ്റാഗ്രാം ലിങ്കും ചേര്‍ത്ത് പങ്കുവെക്കുകയാണ് മജ്‌നാസ് ചെയ്യുന്നത്. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്.

ശേഷം ഈ ചിത്രങ്ങള്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്ത് അത് പെണ്‍കുട്ടികളെ അറിയിക്കും. പേടിച്ച് ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ ഇയാള്‍ പിന്നീട് ഭീഷണിപ്പെടുത്താന്‍ തുടങ്ങും. അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്യും.

പെണ്‍കുട്ടിയുടേയും അമ്മയുടെയും നഗ്‌നചിത്രങ്ങള്‍ നല്‍കാനും ആവശ്യപ്പെടും.നിരവധി പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ മജ്‌നാസിന്റെ വലയിലായത്. അഞ്ചോളം വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളാണ് ഇയാള്‍ ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നത്.

നടക്കാവ്, ബാലുശ്ശേരി പോലീസ് സ്റ്റേഷനുകളില്‍ ഇതിനെക്കുറിച്ച് പരാതി ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് മജ്‌നാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version