സഹജീവികള്‍ക്കായി സുബൈദയുടെ കരുതല്‍: പൊന്നോമനകളായ ആടുകളെ വിറ്റ പണം ദുരിതാശ്വാസ നിധിയിലേക്ക്

കൊല്ലം: ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും സഹജീവികളോടുള്ള കരുതല്‍ വിടാതെ സുബൈദ. പൊന്നോമനകളായി വളര്‍ത്തിയ ആടിനെ വിറ്റ പണം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാണ് സുബൈദ സഹജീവി സ്‌നേഹത്തിന്റെ മാതൃകയായത്.ആടിനെ വിറ്റ് കിട്ടിയ തുകയില്‍ നിന്ന് 5510 രൂപ ജില്ല കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറി.

കൊല്ലം പോര്‍ട്ട് ഓഫിസിനു സമീപം ചായക്കട നടത്തുകയാണ് പോര്‍ട്ട് കൊല്ലം സംഗമം നഗര്‍-77 ലെ സുബൈദ(60). ആടിനെ വിറ്റപ്പോള്‍ കിട്ടിയ പന്ത്രണ്ടായിരം രൂപയില്‍ അയ്യായിരം വാടക കുടിശ്ശിക നല്‍കി. രണ്ടായിരം കറണ്ട് ചാര്‍ജ്ജ് കുടിശ്ശികയും നല്‍കി.

ഹൃദ്രോഗ ബാധിതനായി ഓപ്പറേഷന് വിധേയനായ ഭര്‍ത്താവ് അബ്ദുല്‍ സലാമിനും ഹൃദ്രോഗിയായ സഹോദരനുമൊപ്പമാണ് സുബൈദ കഴിയുന്നത്. മൂന്നു മക്കള്‍ വിവാഹിതരായി മുണ്ടയ്ക്കലില്‍ താമസിക്കുകയാണ്.

ദിവസവും മുടങ്ങാതെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ചാനലില്‍ കാണുന്ന സുബൈദ കുട്ടികള്‍ വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത് അറിഞ്ഞതു മുതല്‍ ആലോചിച്ചതാണ് സംഭാവന നല്‍കണമെന്നത്.

ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ചായക്കടയില്‍ കച്ചവടവും കുറവാണ്. ഭര്‍ത്താവിനും അനുജനും മുഴുവന്‍ സമയം കടയില്‍ ജോലി ചെയ്യാനും ആവുന്നില്ല. എന്നിരുന്നാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കണമെന്നത് സുബൈദയുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു.

ഭര്‍ത്താവ് അതിന് പൂര്‍ണ പിന്തുണയും നല്‍കി. അങ്ങനെയാണ് വീട്ടില്‍ വളര്‍ത്തിയ ആടുകളില്‍ രണ്ടെണ്ണത്തിനെ വിറ്റത്. സഹജീവികള്‍ പ്രയാസമനുഭവിക്കുമ്പോള്‍ തന്നാലാവും വിധം അവര്‍ക്ക് സഹായം ചെയ്യുകയാണ് താന്‍ ചെയ്യുന്നതെന്ന് സുബൈദ പറയുന്നു.

Exit mobile version