കല്‍പ്പറ്റ: വയനാട്ടില്‍ കുരങ്ങുപനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തിരുനെല്ലി അപ്പപ്പാറ മേഖലയെ ഹോട്ട്‌സ്‌പോട്ടിന് സമാനമായ മേഖലയായി തിരിക്കാന്‍ തീരുമാനം. ഇവിടെ നിയന്ത്രണങ്ങള്‍ ശക്തമാക്കും. ജില്ലയില്‍ കുരങ്ങു പനി ബാധിച്ച് രണ്ട് പേര്‍ മരിച്ച സാഹചര്യത്തിലാണ് ഹോട്ട്‌സ്‌പോട്ടിന് സമാനമായ മേഖലയായി തിരിക്കാന്‍ തീരുമാനം എടുത്തത്.
വയനാട് തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ഉള്‍പ്പെടെയുളള മേഖലകളെ പ്രത്യേകം തരംതിരിച്ച് ഇവിടെ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിയന്ത്രണങ്ങളും നിരീക്ഷണവും ശക്തമാക്കാനാണ് തീരുമാനം. കൊവിഡ് ഹോട്ട്‌സ്‌പോട്ടിന് സമാനമായ രീതിയിലാകും നിയന്ത്രണം ഒരുക്കുക. ഇവിടെ ആളുകള്‍ക്ക് കൂട്ടംകൂടുന്നതിനും അടുത്ത് ഇടപഴകുന്നതിനും വിലക്കുണ്ടാകും.
രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ടാണ് നടപടി. അതേസമയം, രണ്ടാം ഘട്ട വാക്‌സിന്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്. വനാതിര്‍ത്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിര്‍ബന്ധമായും മൂന്ന് തവണ വാക്‌സിനേഷന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.