തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളില്‍ സാധാരണ രീതിയിലുള്ള ചികിത്സ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ തിരക്ക് വര്‍ദ്ധിക്കുന്നുണ്ട്. നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ ആരംഭിച്ചു. ഡോക്ടര്‍മാരും മറ്റ് ആശുപത്രി ജീവനക്കാരും സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സ്വകാര്യ ആശുപത്രികളില്‍ സംശയിക്കപ്പെടുന്ന രോഗികളുണ്ടെങ്കില്‍ അവരെ പരിശോധിക്കുന്നതിന് സംവിധാനം വേണമെന്ന് ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. അക്കാര്യത്തിലും ആവശ്യമായ ക്രമീകരണം ഉണ്ടാക്കാവുന്നതാണ്. ഇതിനെല്ലാം ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ആശുപത്രി മേധാവികള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചില സ്വകാര്യ ആശുപത്രികളില്‍ കോവിഡ് പ്രതിരോധത്തിന് ആവശ്യമായ സുരക്ഷ മുന്‍കരുതലുകളും സുരക്ഷ സാമഗ്രികളുമില്ല എന്ന പരാതി ഉയരുന്നുണ്ട്. ഏറ്റവും പ്രധാനം ആവശ്യമുള്ള ആളുകള്‍ക്ക് ചികിത്സ നല്‍കുക എന്നതാണ്. അത് സാമൂഹിക ഉത്തരവാദിത്തവുമാണ്. സ്വകാര്യ ആശുപത്രികളില്‍ നിന്ന് ഇത്തരം കാര്യങ്ങളില്‍ നല്ല സഹകരണം ഉണ്ടാകുന്നുണ്ടെന്നും അതിന് വിരുദ്ധമായത് സമീപനം ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.