തിരുവനന്തപുരം: സംസ്ഥാനത്തു നിന്നും വിദേശങ്ങളിലേക്ക് തൊഴിൽ തേടി പോയ പ്രവാസികളെ തിരിച്ചു കൊണ്ടു വരാൻ കേരളം കൈകൊണ്ട നടപടിക്ക് കേന്ദ്രം പ്രത്യേകം അഭിനന്ദനം അറിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കേന്ദ്രസർക്കാരിന് സംതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോൺഫറൻസ് വഴി കാബിനറ്റ് സെക്രട്ടറി സംസാരിക്കവെയാണ് കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരിച്ചു വരുന്ന പ്രവാസികളുടെ സുരക്ഷയ്ക്ക് കേരളം കൈക്കൊണ്ട നടപടികൾ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. അക്കാര്യത്തിലാണ് കേന്ദ്രം സർക്കാരിനെ പ്രത്യേകം അഭിനന്ദനം അറിയിച്ചത്. വീഡിയോ കോൺഫറൻസിൽ കേരളത്തിലേക്ക് പ്രവാസികൾ തിരിച്ചു കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ വിശദമായി അവതരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്നതാണെന്ന് കാബിനറ്റ് സെക്രട്ടറി അറിയിച്ചു. വിഷയത്തിൽ ക്രിയാത്മകമായ ഇടപെടൽ ഉണ്ടാകുമെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post