സംസ്ഥാനത്തെ റെഡ് സോണിലെ ഹോട്ട് സ്‌പോട്ട് മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ റെഡ് സോണിലെ ഹോട്ട് സ്‌പോട്ട് മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

റെഡ് സോണിലെ ഹോട്ട് സ്‌പോട്ട് മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ് ഏര്‍പ്പെടുത്തും. ഇത്തരം സ്ഥലങ്ങളില്‍ അവശ്യവസ്തുകള്‍ പോലീസ് ഇടപെട്ട് വീട്ടിലെത്തിക്കും. ഇവിടെ എല്ലാ വഴികളും സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാകും. ഇതിനോട് സഹകരിക്കുക മാത്രമേ മാര്‍ഗമുള്ളൂ. ഹോട്ട്‌സ്‌പോട്ടില്‍ ഉള്ളവര്‍ അവിടെ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. റെഡ് സോണില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ നാളെ മുതല്‍ ചൊവ്വാഴ്ചവരെ 60 മണിക്കൂര്‍ നേരത്തേക്ക് കടുത്ത ലോക്ക്ഡൗണ്‍ നടപ്പാക്കുന്ന പശ്ചാത്തലത്തില്‍ ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും. വാഹനങ്ങളൊന്നും തമിഴ്‌നാട്ടിലേക്ക് കടത്തി വിടില്ല. ഒരു വാഹനവും കടത്തി വിടില്ലെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നതത്. ചരക്ക് വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടുമോയെന്ന് പ്രത്യേകം പരിശോധിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version