എടപ്പാൾ: വീട്ടുമുറ്റത്തെ തെങ്ങ് പൊട്ടിവീണ് യുവതി മരണപ്പെട്ടു. നടുവട്ടം ചെറുപാടത്ത് വളപ്പിൽ അബ്ദുറഹ്മാന്റെയും ഖദീജയുടെയും മകൾ അസ്മ (32) ആണ് ദാരുണമായി മരണപ്പെട്ടത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ബന്ധുവീട്ടിൽ പോകാനായി വീട്ടുകാരോടൊപ്പം കാറിൽ കയറിയ അസ്മ എന്തോ അത്യാവശ്യ കാര്യത്തിനായി പുറത്തിറങ്ങിയപ്പോഴാണ് വീടിന്റെ പിൻഭാഗത്തു നിന്നിരുന്ന തെങ്ങ് പൊടുന്നനെ പൊട്ടിവീണ് ശരീരത്തിൽ പതിച്ചത്. നിലവിളികേട്ട് ഓടിക്കൂടിയ ബന്ധുക്കളും അയൽവാസികളും ചേർന്ന് ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെട്ടു.
വീട്ടുമുറ്റത്തു നിന്നും അൽപം അകലെയായിരുന്നു കാർ നിർത്തിയിട്ടിരുന്നത്. അതുകൊണ്ടുതന്നെ കുട്ടികൾ ഉൾപ്പടെയുള്ള മറ്റു കുടുംബാംഗങ്ങൾ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.തിരൂർ പടിഞ്ഞാറേക്കരയിലുള്ള ഭർതൃവീട്ടിൽ നിന്ന് ആഴ്ചകൾക്ക് മുമ്പാണ് അസ്മ സ്വന്തം വീട്ടിൽ എത്തിയത്. ലോക്ക്ഡൗൺ കാരണം തിരിച്ചു പോകാനാവാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു.
മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഭർത്താവ് മുജീബ് റഹ്മാൻ വിദേശത്താണ്. മക്കൾ: നസ്ല, നിഹാൽ, നാദിൽ(മൂവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: സുബൈർ (ദുബായ്), ഇസ്ഹാഖ് (ഓട്ടോഡ്രൈവർ ) ഉനൈസ്,റംല,സ്വാലിഹ,നസീമ.
Discussion about this post