തിരുവനന്തപുരം: രോഗം ബാധിച്ച് വിദേശ രാജ്യങ്ങളില്‍ കഴിയുന്ന മലയാളികളെ നേരില്‍ വിളിച്ച് ആശ്വാസം പകര്‍ന്ന് മന്ത്രി കെടി ജലീല്‍. തവനൂര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നുള്ള പ്രവാസി പ്രതിനിധികളോടാണ് അദ്ദേഹം വെള്ളിയാഴ്ച രാത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി സംവദിച്ചത്. യുഎസ്എ, യുകെ, യുഎഇ, ഖത്തര്‍, ബെഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുള്ള ലോക കേരള പ്രതിനിധ ഉള്‍പ്പടെ 30ഓളം പേരാണ് പങ്കെടുത്തത്.
കൊവിഡുമായി ബന്ധപ്പെട്ടു കേരള ഗവണ്മെന്റ് വിദേശമലയാളികള്‍ക്കായി ഒരു സംസ്ഥാന സര്‍ക്കാരിന്റെ പരിമിതികള്‍ക്കകത്തു നിന്ന് കൊണ്ട് സാധ്യമാവുന്നതെല്ലാം ചെയ്യാമെന്ന് മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു. ഇതോടൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ അതാതു രാജ്യങ്ങളിലെ പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങളും ആശങ്കകളും മന്ത്രിയുമായി പങ്കുവെയ്ക്കുകയും ചെയ്തു. രോഗം ബാധിച്ചു വിദേശരാജ്യങ്ങളില്‍ കഴിയുന്ന മലയാളികളെ നേരില്‍ വിളിച്ചു ആശ്വാസം പകര്‍ന്നു സംസാരിക്കാന്‍ അദ്ദേഹം താല്പര്യം പ്രകടിപ്പിക്കുകയും അവരുടെ ഫോണ്‍ നമ്പറുകള്‍ നല്കാന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
തവനൂര്‍ മണ്ഡലത്തിലെ പ്രവാസികളുടെ കുടുംബങ്ങക്ക് വേണ്ട സഹായം ശ്രദ്ധയില്‍ പെടുത്തിയാല്‍ , അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും മന്ത്രി കെടി ജലീല്‍ പറയുന്നു. നോര്‍ക്കയുമായി ബന്ധപ്പെട്ടുള്ള ചില പ്രശ്നങ്ങള്‍ പരിഗണിക്കാന്‍ ഉടനെ തന്നെ നോര്‍ക്ക സിഇഒ യുമായി അദ്ദേഹം ബന്ധപ്പെടുകയും ചെയ്തു. രാത്രി 10:30 നു തുടങ്ങിയ മീറ്റിംഗ് അര്‍ധരാത്രി 12:15 വരെ നീണ്ടിട്ടും, മന്ത്രി ജലീല്‍ എല്ലാവരുടെയും നിര്‍ദേശങ്ങളും , പ്രശ്നങ്ങളും ക്ഷമയോടെ കേള്‍ക്കുകയും എല്ലാവര്ക്കും വലിയ ആത്മവിശ്വാസം നല്‍കുകയും ചെയ്തു.
ഈ നിലപാടും ആത്മാര്‍ത്ഥതയോടു കൂടിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാണ് കെടി ജലീല്‍ ഇത്രമേല്‍ പ്രിയങ്കരനാവുന്നതെന്ന് പ്രവാസികള്‍ ഒരേ സ്വരത്തില്‍ പറയുന്നു. തന്നെ കൊണ്ട് ചെയ്യാവുന്ന കാര്യങ്ങള്‍, ചെയ്യാന്‍ ശ്രമിക്കുമെന്ന ഉറപ്പും, ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല എന്ന് വ്യക്തമാക്കലും ആണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ സത്യസന്ധതയും ഇവര്‍ പറഞ്ഞുവെയ്ക്കുന്നു.
Discussion about this post