തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷന്റെ വെയർ ഹൗസുകളിൽ നിന്നുൾപ്പടെ മദ്യവിൽപനയുണ്ടാവില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. വെയർഹൗസിൽ മദ്യ വിൽപനയുണ്ടാകുമെന്ന അബ്കാരി ചട്ടഭേദഗതി തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. മദ്യം വിൽപ്പനയെ കുറിച്ച് അനാവശ്യസംശയങ്ങൾ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു വെയർഹൗസുകളിലും മദ്യത്തിന്റെ വിൽപ്പന ഉണ്ടാവില്ല. അതാണ് ഇപ്പോൾ സർക്കാരിന്റെ നിലപാട്. കേന്ദ്രസർക്കാർ നിലപാടിനനുസരിച്ചുള്ള സമീപനമാണ് ഭാവിയിലും സ്വീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതാണ് ഇതിന്റെ വസ്തുത. വിത്‌ഡ്രോവൽ സിൻഡ്രം ഉള്ളവർക്ക് നിയന്ത്രിത അളവിൽ മദ്യലഭ്യമാക്കുന്ന തീരുമാന പ്രകാരമാണ് അബ്കാരി ചട്ടം ഭേദഗതി ചെയ്തത്. എന്നാൽ ഡോക്ടർമാരുടെ കുറിപ്പിന് അനുസരിച്ച് മദ്യം ലഭ്യമാക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തതതോടെ ചട്ട ഭേദഗതിക്ക് തൽക്കാലം പ്രസക്തിയില്ല’- എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ അബ്കാരി നിയമ ഭേദഗതിയ്ക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ടിഎൻ. പ്രതാപൻ എംപി പറഞ്ഞു. ലോക്ക്ഡൗൺ ചട്ടങ്ങൾക്കും ഹൈക്കോടതി നിർദേശങ്ങൾക്കും എതിരാണ് ഭേദഗതിയെന്നും പ്രതാപൻ ആരോപിച്ചു.
Discussion about this post