തിരുവനന്തപുരം: കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരിൽ നിന്ന് പിടിക്കുന്ന ശമ്പളം തിരിച്ചുനൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന സർക്കാർ ഉത്തരവിൽ പുനപരിശോധനയില്ലെന്നും ശമ്പളം തിരികെ നൽകാൻ പല വഴികളുണ്ടെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ പ്രതിപക്ഷ സംഘടനകൾ സ്വീകരിച്ച നിലപാട് ആശാസ്യമായില്ലെന്നും സർക്കാർ ഉത്തരവ് കത്തിച്ചുള്ള സമരം പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യുന്നില്ലെന്നും മാറ്റിവെക്കുക മാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഉത്തരവനുസരിച്ച് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും മൊത്തം മാസ ശമ്പളത്തിൽ നിന്ന് ആറു ദിവസത്തേതു വീതം അഞ്ചു മാസത്തേക്ക്, ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ വിതരണം ചെയ്യാതെ മാറ്റി വയ്ക്കും.
കൊവിഡിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകിയവരെ ഒഴിവാക്കും. 20000 രൂപ വരെ മൊത്ത ശമ്പളമുള്ള പാർട് ടൈം കാഷ്വൽ സ്വീപ്പർമാർ, ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ, കരാർ തൊഴിലാളികൾ എന്നിവർക്കും ദിവസ വേതന/താൽക്കാലിക/കൺസോളിഡേറ്റഡ് പേ വാങ്ങുന്നവർക്കും ഉത്തരവ് ബാധകമല്ല.
നിലവിൽ ഉപജീവന ബത്ത വാങ്ങുന്നവരെ താൽക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ സസ്പെൻഷൻ കഴിഞ്ഞ് ജോലിക്കു കയറുമ്പോൾ മുതൽ ശമ്പളം പിടിച്ചു തുടങ്ങും. പൊതുമേഖലാ സ്ഥാപനങ്ങൾ, അർധ സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റി പോലുള്ള ഗ്രാന്റ് ഇൻഎയ്ഡ് സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, കമ്മീഷോനുകൾ, സർക്കാരിനു കീഴിൽ വരുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും ഉത്തരവ് ബാധകമാണ്.
Discussion about this post