കൊച്ചി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങളെല്ലാം വീടുകളില്‍ കഴിയുകയാണ്. വാഹനങ്ങളില്ലാത്തതിനാല്‍ പലര്‍ക്കും അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും കടകളില്‍ എത്താന്‍ കഴിയാതെയായി. കൂടാതെ പല സാധനങ്ങളും കടകളില്‍ കിട്ടാതെയുമായി.
ഇത്തരത്തില്‍ ലോക്ക് ഡൗണില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന പലര്‍ക്കും സഹായവുമായെത്തിയ പല സുമനസ്സുകളുടെയും വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. രോഗികള്‍ക്ക് മരുന്നെത്തിച്ചും വിശക്കുന്നവര്‍ക്ക് ആഹാരമെത്തിച്ചും വീടുകളില്‍ ആഹാരസാധനങ്ങള്‍ എത്തിച്ചുനല്‍കിയും ലോക്ക ഡൗണ്‍ കാലത്ത് മാതൃകയായത് നിരവധി പേരാണ്.
അത്തരത്തില്‍ ലോക്ക് ഡൗണ്‍ മൂലം ഒന്‍പത് മാസം പ്രായമായ കുഞ്ഞിന് ബേബി ഫുഡ് ഇല്ലെന്ന അതിഥി തൊഴിലാളിയുടെ പരാതിക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ജില്ലാ ലേബര്‍ ഓഫീസ്. ശ്രീനഗര്‍ സ്വദേശിയായ ഹിലാല്‍ അഹമ്മദായിരുന്നു തന്റെ കുട്ടിക്ക് നല്കാന് ബേബി ഫുഡ് ഇല്ലെന്ന് ലേബര്‍ ഓഫീസില്‍ വിളിച്ച് പരാതി പറഞ്ഞത്.
ലേബര്‍ ഓഫീസിലെ കോള്‍ സെന്ററില്‍ വ്യാഴാഴ്ച്ച വൈകുന്നേരമാണ് അഹമ്മദ് പരാതി വിളിച്ചറിയിച്ചത്. വിഷമം അറിഞ്ഞതോടെ കൊച്ചി രണ്ടാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കെ.വി. ഹരികുമാര്‍ വെള്ളിയാഴ്ച്ച രാവിലെതന്നെ അഹമ്മദിന് ബേബി ഫുഡ് എത്തിച്ച് നല്കി. ഫോര്‍ട്ട് കൊച്ചിയിലാണ് ഹിലാല്‍ അഹമ്മദ് താമസിക്കുന്നത്.
Discussion about this post