കുടിവെള്ളം ശൗചാലയം തുടങ്ങിയ പ്രാഥമിക സൗകര്യങ്ങള്‍ പോലും ശബരിമലയിലില്ല, സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുന്നു; ആരോപണവുമായി രമേശ് ചെന്നിത്തല

പ്രതിഷേധം തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

തിരുവനന്തപുരം: ശബരിമലയില്‍ കുടിവെളളമോ ശൗചാലയമോ അടക്കം പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മും സംഘപരിവാറും ഒത്തുകളിക്കുകയാണ്, പ്രതിഷേധം തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വിരിവയ്ക്കാന്‍ ഓലപ്പുരയെങ്കിലും സര്‍ക്കാറിന് ഒരുക്കാമായിരുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത് ശബരിമലയെ തകര്‍ക്കാനാണ്. സര്‍ക്കാര്‍ വര്‍ഗീയ ശക്തികള്‍ക്ക് വഴിയൊരുക്കുകയാണ്. നേരത്തെ ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ എത്തിക്കൊണ്ടിരുന്ന ശബരിമലയില്‍ ഇപ്പോള്‍ ആളുകള്‍ ഗണ്യമായി കുറയുന്നുവെന്നും ഇതിന്റെയെല്ലാം ഉത്തരവാദിത്തം പോലീസിനും സര്‍ക്കാറിനും സംഘപരിവാറിനുമാണെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

അതേസമയം തുടര്‍ച്ചയായ മൂന്നാം ദിവസവും ശബരിമല പ്രശ്‌നത്തിന്റെ പേരില്‍ സഭ സ്തംഭിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതോടെ സഭയ്ക്ക് പുറത്ത് പ്രതിഷേധവുമായി പ്രതിപക്ഷ എംഎല്‍എമാര്‍ എത്തി.

Exit mobile version