ന്യൂഡൽഹി: രാജ്യം കൊറോണ നേരിടുന്നതിൽ പിന്നിലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കൊവിഡ് രോഗമുക്തരാകുന്നവരുടെ കണക്കിൽ ഇന്ത്യ ആഗോള ശരാശരിയേക്കാളും പിന്നിൽ. 27.35 ശതമാനമാണ് ആഗോള ശരാശരി. ഇന്ത്യയിൽ 19.9 ശതമാനം മാത്രമാണ്. എന്നാൽ ഇന്ത്യയ്ക്ക് അകത്തെ കണക്കിൽ വടക്കേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ തെന്നിന്ത്യയിലെ സംസ്ഥാനങ്ങളാണ് രോഗത്തെ ഫലപ്രദമായി നേരിടുന്നതെന്നാണ് കണക്ക്.
മഹാമാരിയിൽ നിന്ന് മുക്തരാകുന്നവരുടെ എണ്ണത്തിൽ മറ്റുള്ളവരേക്കാൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഡൽഹിയുമാണ് മുന്നിട്ട് നിൽക്കുന്നത്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ നിരക്കിൽ കേരളം ബഹുദൂരം മുന്നിലാണ്. 73.74 ശതമാനമാണ് കേരളത്തിലെ നിരക്ക്. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട്ടിൽ 40.63 %, കർണാടകയിൽ 31.82 %, തെലങ്കാനയിൽ 20.52 %, ആന്ധ്രപ്രദേശിൽ 14.76 % എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ നിരക്ക്. അതേസമയം, ഡൽഹിയിൽ 32.2 ശതമാനം പേർ സുഖംപ്രാപിച്ചിട്ടുണ്ട്.
എന്നാൽ വടക്കേന്ത്യൻ സംസ്ഥാനങ്ങളായ ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ രോഗമുക്തി നേടുന്നവരുടെ നിരക്ക് 15 ശതമാനത്തിനും താഴെയാണ്. ഈ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണവും കൂടുതലാണ്.
ഗുജറാത്താണ് കൊവിഡ് മുക്തരാകുന്നവരുടെ എണ്ണത്തിൽ ഏറ്റവും പിന്നിൽ. 7.5 ശതമാനം ആളുകൾ മാത്രമാണ് ഗുജറത്തിൽ ആശുപത്രി വിട്ടത്. മധ്യപ്രദേശിൽ 9.29 ശതമാനവും രാജസ്ഥാനിൽ 12.17 ശതമാനവും ആണ്. മഹാരാഷ്ട്രയിൽ 13.95 ശതമാനമാണ് രോഗം ഭേദമായവർ. രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്രയും ഗുജറാത്തുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
6430 പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ 840 പേരും 2624 പേർക്ക് രോഗം സ്ഥിരീകരിച്ച് ഗുജറാത്തിൽ 258 പേരുമാണ് സുഖംപ്രാപിച്ചത്. അതേസമയം, 447 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിൽ 324 പേർ ആശുപത്രി വിട്ടു.
രോഗംഭേദമാകുന്നവരുടെ കണക്കിൽ ആഗോള ശരാശരിയേക്കാൾ പിന്നിൽ തന്നെയാണ് യുഎസും. യുഎസിൽ 9.90 ശതമാനം മാത്രമാണ് രോഗമുക്തർ. ചൈനയിൽ 93.24 ശതമാനവും ജർമ്മനിയിൽ 68.53 ശതമാനവുമാണ് രോഗമുക്തി നേടുന്നവരുടെ നിരക്ക്.
Discussion about this post