വിടവാങ്ങിയത് ഒരു നാടിന്റെ തന്നെ കരുത്തായ കപ്പല്‍ മുതലാളി, പ്രമുഖ വ്യവസായി ജോയ് അറക്കിലിന്റെ മരണത്തില്‍ വേദനയോടെ വയനാടന്‍ ജനത

കല്‍പ്പറ്റ: വയനാടന്‍ ജനതയ്ക്ക് ഒന്നടങ്കം ആശ്രയമായിരുന്നു അന്തരിച്ച ബിസിനസ് പ്രമുഖന്‍ ജോയി അറക്കല്‍. അതുകൊണ്ടുതന്നെ ദുബായില്‍ വെച്ചുള്ള ജോയിയുടെ ആകസ്മിക മരണത്തിന്റെ ഞെട്ടല്‍ ഇപ്പോഴും നാട്ടുകാര്‍ക്ക് വിട്ടുമാറിയിട്ടില്ല.ജോയിയുടെ മരണവിവരമറിഞ്ഞതു മുതല്‍ മാനന്തവാടിയിലെ അറക്കല്‍ പാലസിലേക്ക് നാനാ തുറകളില്‍ നിന്നുള്ളവരാണ് എത്തിച്ചേര്‍ന്നത്.

പ്രമുഖ വ്യവസായിയും ഇന്നോവ റിഫൈനിങ് ആന്‍ഡ് ട്രേഡിങ് എം.ഡിയുമായ വയനാട് മാനന്തവാടി അറക്കല്‍ പാലസില്‍ ജോയി അറക്കല്‍ ദുബൈയില്‍ വെച്ചാണ് മരിച്ചത്. കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നായ അറക്കല്‍ പാലസിന്റെ ഉടമയും വിവിധ വ്യവസായ സ്ഥാപനങ്ങളുടെ മേധാവിയുമായിരുന്ന ജോയി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയ ആളായിരുന്നു.

മാനന്തവാടിക്കാര്‍ക്ക് മാത്രമല്ല വയനാടന്‍ ജനതക്കാകമാനം ആശ്രയമായിരുന്നു ഈ പ്രമുഖനായ ബിസിനസ്സുകാരന്‍. ധര്‍മ്മിഷ്ടനായ ജോയി നാട്ടുകാര്‍ക്ക് വേണ്ടപ്പെട്ടവനായിരുന്നു. നാട്ടിലെങ്ങും സേവനത്തിന്റെ മുദ്ര പതിപ്പിച്ച വ്യവസായ പ്രമുഖന്‍ പ്രളയകാലത്ത് നാട്ടുകാര്‍ക്കായി സ്വന്തം വീട് വിട്ടു കൊടുത്തിരുന്നു.

നിര്‍ധന കുടുംബങ്ങള്‍ക്കായി വീടുകള്‍ പണിതു നല്‍കിയും, മാതാവിന്റെ ഓര്‍മ്മക്കായി ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന് ധനസഹായം നല്‍കിയും നിര്‍ധന യുവതികള്‍ക്ക് മംഗല്യ ഭാഗ്യമൊരുക്കിയും കപ്പല്‍ ജോയിയെന്ന അറക്കല്‍ ജോയി നാട്ടുകാര്‍ക്കൊപ്പമുണ്ടായിരുന്നു.

അതുകൊണ്ടുതന്നെ നാടിന്റെ പ്രിയപ്പെട്ടവന്റെ വിയോഗം നാട്ടുകാരെ ഒന്നടങ്കം വിഷമത്തിലാഴ്ത്തിയിരിക്കുകയാണ്. മരണവിവരമറിഞ്ഞതുമുതല്‍ മാനന്തവാടിയിലെ അറക്കല്‍ പാലസിലേക്ക് നാനാ തുറകളില്‍ നിന്നുള്ളവരാണ് എത്തിച്ചേര്‍ന്നത്. സാമൂഹിക അകലം ഉറപ്പുവരുത്താന്‍ പോലീസിന് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു.

Exit mobile version