കണ്ണൂര്‍: ബിജെപി നേതാവ് പദ്മരാജന് പ്രതിയായ പാനൂര്‍ പീഡനക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കേസ് അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തിന് പിന്നാലെയാണ് കേസ് ക്രൈം ബ്രാഞ്ചിന് വിടുന്നത്.
പാനൂരില്‍ നാലാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ ബിജെപി നേതാവായ അധ്യാപകന് സ്കൂളില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിക്കെതിരെ ഇരയായ പെണ്‍കുട്ടിയുടെ സഹപാഠി പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പോലീസിന്റെ അന്വേഷണത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ശിശുക്ഷേമ സമിതി ഉയര്‍ത്തിയത്. കേസിന്റെ നാള്‍വഴിയില്‍ അന്വേഷണ സംഘം പോക്സോ നിയമത്തിന്റെ ലംഘനം പല തവണ നടത്തി എന്നായിരുന്നു ആക്ഷേപം.
പോക്സോ നിയമ പ്രകാരം ഇരകളായ കുഞ്ഞുങ്ങളെ തീര്‍ത്തും കരുതലോടെയും അതീവ ശ്രദ്ധയോടേയും വേണം സമീപിക്കാന്‍. പോലീസ് യൂണിഫോമില്‍ അവരെ സമീപിക്കുകയോ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്താനോ പാടില്ല എന്നാണ് നിയമം. എന്നാല്‍ സ്കൂളില്‍ രണ്ടുതവണ കുട്ടിയെ കൊണ്ടുപോയ അന്വേഷണ ഉദ്യോഗസ്ഥര്‍ യൂണിഫോമിലാണ് കുട്ടിയുടെ അടുത്ത് എത്തിയത്. തലശ്ശേരി ഡിവൈഎസ്പി ഓഫീസില്‍ കുട്ടിയെ എത്തിച്ച് ആറ് മണിക്കൂര്‍ മൊഴി എടുക്കുകയും ചെയ്തിരുന്നു.
Discussion about this post