തിരുവനന്തപുരം: ആരോപണങ്ങൾക്ക് എല്ലാം എണ്ണിയെണ്ണി മാസ് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ഉയർത്തി മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. ഇതോടെയാണ് കമല ഇന്റർനാഷണൽ, തന്റെ വീട്, മക്കളുടെ വിദ്യാഭ്യാസം, ലാവ്ലിൻ വിഷയങ്ങൾ എന്നീ പ്രതിപക്ഷത്തിന്റെ മുമ്പത്തെ ഓരോ ആരോപണങ്ങളും ഓർമ്മിപ്പിച്ച് എല്ലാത്തിനും കൃത്യമായ മറുപടി മുഖ്യമന്ത്രി നൽകിയത്.
പിണറായിയുടെ വാക്കുകൾ ഇങ്ങനെ: നിങ്ങൾ കമല ഇന്റർനാഷനലിനെ പറ്റി കേട്ടിട്ടുണ്ടോ. എന്റെ ഭാര്യയുടെ പേരാണ് കമല. അവരുടെ പേരിൽ വിദേശത്ത് സ്ഥാപനമുണ്ടെന്നായിരുന്നു പ്രചാരണം. പിന്നെ എന്റെ വീട്. അത് വലിയ രമ്യഹർമം, പൊന്നാപുരം കോട്ട, അത് ചിലപ്പോൾ നിങ്ങളും കണ്ടിരിക്കും. അങ്ങനെ എന്തെല്ലാം, ഏതെല്ലാം തരത്തിൽ. എന്റെ കുഞ്ഞുങ്ങൾ പഠിക്കാൻ പോയതിനെപ്പറ്റി വാർത്തയായിരുന്നു. മകൾ കോയമ്പത്തൂരിലെ അമൃതാനന്ദമയിയുടെ ഏതോ കോളേജിലായിരുന്നല്ലോ ചേർന്നത്. അതിനെപ്പറ്റി വാർത്തയായിരുന്നു. പക്ഷേ ജോലികിട്ടിയപ്പോ എന്തോ വാർത്ത വന്നില്ല. ജോലി കിട്ടിയത് ഒറാക്കിളിലായിരുന്നു.
അത് പിണറായി വിജയന്റെ സ്വാധീനം കൊണ്ടാണ് കിട്ടയതെന്ന് പറയാൻ പറ്റാത്തതുകൊണ്ട് ആ വാർത്ത വന്നില്ല. പിന്നെ മകന്റെ പഠനം. എന്തെല്ലാം വാർത്തകളായിരുന്നു, ഏതെല്ലാം തരത്തിലായിരുന്നു. ഏതൊക്കെ തരത്തിലായിരുന്നു തിരിച്ചിട്ടും മറിച്ചിട്ടും. ഇതൊക്കെ നമുക്ക് ഓർമ്മയുള്ളതല്ലേ വ്യക്തിജീവിതത്തിന് നേരെ ഉയർന്ന ആരോപണങ്ങളോട് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ.
പിന്നീട് രാഷ്ട്രീയ ജീവിതത്തിൽ തനിക്ക് നേരെ ഉയർത്തിയ വലിയ ആരോപണമായ ലാവ്ലിൻ കേസും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ‘ലാവിലിന്റെ ഭാഗമായിട്ടെന്താണ് നടന്നത്. ഇവർ ഏൽപ്പിച്ച വിജിലൻസ് അന്വേഷിച്ച് ഇതിനകത്ത് തെളിവില്ലെന്നാണ് റിപ്പോർട്ട് നൽകിയത്. അതിന് ശേഷമാണ് മന്ത്രിസഭയിൽ കൊണ്ടുപോയി സിബിഐ അന്വേഷിക്കണമെന്ന് റിപ്പോർട്ട് നൽകിയത്. അതല്ലേ വസ്തുത. ഓർമ്മയില്ലേ അതൊന്നും. എന്തെല്ലാം കള്ളത്തെളിവുണ്ടാക്കാനാണ് പിന്നീട് ശ്രമിച്ചത്. കോടതിയിൽ എന്തെല്ലാം പരിശോധനകളാണ് നടത്തിയത്. അതിന്റെ ഭാഗമായല്ലേ ഇത്തരമൊരു കേസുപോലും നിലനിൽക്കില്ലെന്ന് പറഞ്ഞത്. ഞാനതൊന്നും മറന്നുപോയതല്ല’.-മുഖ്യമന്ത്രി പറഞ്ഞു.
‘വെറുതെ എന്തിനാണതെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നത്. അതൊക്കെ എന്നെ വേട്ടയാടുന്നതല്ല. പക്ഷേ അത്തരം ഘട്ടം നേരിടുമ്പോഴും സ്വീകരിച്ച നിലപാടുണ്ട്. അത് നിങ്ങൾക്കുമറിയാം. സമൂഹത്തിനുമറിയാം. അതുകൊണ്ട് എന്തെങ്കിലുമൊന്ന് ഉയർത്തിക്കൊണ്ട് വന്ന് അത് ഭയങ്കര കാര്യമാണെന്ന് പറഞ്ഞ് നമ്മളെയങ്ങ് വല്ലാതെ ആക്കിക്കളയാം എന്ന് ധാരണ വേണ്ട. അത് മാത്രമേ പറയാനുള്ളൂ’-മാസ് മറുപടിയിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കിയതിങ്ങനെ.
Discussion about this post