കൊച്ചി: അടച്ചുപൂട്ടല്‍ ലംഘനവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങള്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച തുക സ്വീകരിച്ച് വിട്ടുനല്‍കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്കി. ടി.ആര്-5 രസീത് നല്കി പണം സ്വീകരിച്ച് വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരെയും ക്രമസമാധാനവിഭാഗം സബ്ബ് ഇന്‍സ്പെക്ടര്‍മാരെയും ചുതലപ്പെടുത്തും.
ഇരുചക്ര വാഹനങ്ങള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും 1000 രൂപയും കാര്‍, ജീപ്പ് തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 2000 രൂപയും ഇടത്തരം ചരക്ക് വാഹനങ്ങള്‍ക്കും സ്റ്റേജ് ക്യാരേജ്, കോണ്ട്രാക്റ്റ് കാര്യേജ് എന്നിവയ്ക്കും 4000 രൂപയും വലിയ ചരക്ക് വാഹനങ്ങള്‍ക്ക് 5000 രൂപയുമാണ് കോടതി നിശ്ചയിച്ച തുക.
പോലീസ് ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന സമ്മതപത്രത്തിന് പുറമെ ആര്.സി ബുക്ക്, ലൈസന്‍സ്, ഇന്‍ഷുറന്‍സ് എന്നിവയുടെ പകര്‍പ്പും നല്‍കണം. ബന്ധപ്പെട്ട ഡ്രായിംഗ് ആന്റ് ഡിസ്ബേഴ്സിംഗ് ഓഫീസറുടെ ബാങ്ക് അക്കൗണ്ടില്‍ തുക നിക്ഷേപിച്ചശേഷം പേ സ്ലിപ് ഹാജരാക്കാനും വാഹന ഉടമയ്ക്ക് അനുമതിയുണ്ട്.
ഇങ്ങനെ ശേഖരിക്കുന്ന തുക അടുത്ത ദിവസം തന്നെ ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇത് സംബന്ധിച്ച കണക്കുകള്‍ സൂക്ഷിക്കുന്നതിനുളള നടപടിക്രമങ്ങള്‍ക്കും സംസ്ഥാന പോലീസ് മേധാവി രൂപം നല്‍കിയിട്ടുണ്ട്.
Discussion about this post