തൃശ്ശൂര്‍: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ കൂടുതലും പ്രവാസികളാണ്. രാജ്യാന്തര വിമാന സര്‍വീസ് നിര്‍ത്തി ഒരു മാസം കഴിഞ്ഞിട്ടും വിദേശത്തുനിന്നു വന്നവര്‍ക്ക് ഇപ്പോഴും കൊവിഡ് സ്ഥിരീകരിക്കുന്നത് എങ്ങനെയാണ് എന്നായിരുന്നു ജനങ്ങളില്‍ ഉയര്‍ന്ന ചോദ്യം. അതിനുള്ള ഉത്തരം വിശദമാക്കുകയാണ് ആരോഗ്യ വിദഗ്ധനായ ഡോ. പിഎസ് ജിനേഷ്. ഫേസ്ബുക്കില്‍ പങ്കുവെന്ന കുറിപ്പിലൂടെയാണ് ഡോക്ടര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്:
വിദേശത്തു നിന്ന് വന്നവര്‍ ഒരു മാസത്തിനു ശേഷവും പോസിറ്റീവ് ആകുന്നു, ക്വാറന്റൈന്‍ കൂട്ടണ്ടേയെന്ന് ഒരു ദിവസം പത്തു പേരെങ്കിലും ചോദിക്കുന്നുണ്ട്.
ഒരു മാസം മുന്‍പ് വിദേശത്തു നിന്ന് വന്നവരില്‍ ചിലര്‍ക്കെങ്കിലും ഇനിയും പോസിറ്റീവ് റിസള്‍ട്ട് ലഭിക്കാനാണ് സാധ്യത. അങ്ങനെ വന്നില്ലെങ്കില്‍ ആണ് എനിക്ക് അത്ഭുതം.
കാരണം ഈ രോഗത്തിന്റെ പ്രത്യേകതകള്‍ തന്നെ…
വിദേശത്തുനിന്നു വന്ന ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ ചെറിയ ജലദോഷം ഉണ്ടായി. പിന്നെ രണ്ടാഴ്ച കുഴപ്പമില്ലായിരുന്നു. വീണ്ടും ജലദോഷവും ചുമയും തൊണ്ടവേദനയും ഒക്കെ കൂടി. പിസിആര്‍ പരിശോധന നടത്തിയപ്പോള്‍ കോവിഡ് പോസിറ്റീവ്. ലളിതമാണ്, ആദ്യലക്ഷണങ്ങള്‍ ആരംഭിച്ചപ്പോള്‍ പരിശോധന നടത്തിയില്ല.
രോഗലക്ഷണങ്ങള്‍ ആരംഭിച്ചു. ആദ്യ പിസിആര്‍ പരിശോധനയില്‍ ഫലം നെഗറ്റീവ്. ലക്ഷണങ്ങള്‍ കുറയാത്തതിനെ തുടര്‍ന്ന് രണ്ടു മൂന്ന് ആഴ്ചയ്ക്കു ശേഷം വീണ്ടും പരിശോധിച്ചപ്പോള്‍ റിസള്‍ട്ട് പോസിറ്റീവ്.
തികച്ചും സ്വാഭാവികമായി സംഭവിക്കാവുന്ന കാര്യമാണ്. സാമ്പിള്‍ ശേഖരിക്കുന്നത് മുതല്‍ സംഭവിക്കാന്‍ സാധ്യതയുള്ള എന്തെങ്കിലുമൊക്കെ മിസ്റ്റേക്കുകള്‍ ഉണ്ടെങ്കില്‍ ഉറപ്പായും സംഭവിക്കുന്ന കാര്യമാണ്.
RT PCR പരിശോധന ലക്ഷണങ്ങള്‍ ആരംഭിച്ച ശേഷമുള്ള ആദ്യ ആഴ്ചയില്‍ 70 % ഓളം കൃത്യമായ ഫലം തരുന്നു. രണ്ടാമത്തെ ആഴ്ചയില്‍ 60 % ഓളം കൃത്യമായ ഫലം തരുന്നു.
ആന്റിബോഡി പരിശോധന ആണെങ്കില്‍ രോഗലക്ഷണങ്ങള്‍ ആരംഭിച്ച ശേഷം രണ്ടാമത്തെ ആഴ്ചയില്‍ IgG, IgM എന്നിവ ഒരുമിച്ച് പരിശോധിച്ചാല്‍ 90 ശതമാനത്തോളം കൃത്യത ലഭിക്കുന്നു. ആദ്യ ആഴ്ചയില്‍ കൃത്യത വളരെ കുറവാണ്. ഇനി രോഗം മൂര്‍ച്ഛിക്കുന്നതനുസരിച്ച് റിസല്‍ട്ട് പോസിറ്റീവ് ആകാനുള്ള സാധ്യത അല്ലാതെ തന്നെ കൂടുന്നുണ്ട്.
എസിംപ്ന്റമാറ്റിക് കേസുകള്‍: അതായത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരുടെ ശരീരത്തില്‍ വൈറസ് പോസിറ്റീവ് ആകാനുള്ള സാധ്യത. അങ്ങനെയും സാധ്യതയുള്ള ഒരു രോഗമാണിത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ ഉള്‍പ്പെടെ വ്യാപകമായ പരിശോധനകള്‍ നടത്തുമ്പോള്‍ കേസുകളുടെ എണ്ണം കൂടുന്നത് ഇത് കാരണമാണ്.
അപ്പോള്‍ ഇന്‍കുബേഷന്‍ പീരീഡ് കൂടിയത് അല്ലേ കേരളത്തില്‍ ?
അങ്ങനെ ആണെന്ന് ഇതുവരെ തോന്നിയിട്ടില്ല. അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണ് അത്. ഒന്നു മുതല്‍ 14 ദിവസം വരെയാണ് കോവിഡ് 19 ന്റെ ഇന്‍കുബേഷന്‍ പീരീഡ്. അതായത് ശരീരത്തില്‍ വൈറസ് കയറിയ ശേഷം രോഗലക്ഷണങ്ങള്‍ ആരംഭിക്കാന്‍ 14 ദിവസം വരെ എടുക്കാം എന്ന് ചുരുക്കം. ഇതില്‍ കൂടുതല്‍ നീണ്ട കേസുകള്‍ ഉണ്ടായിട്ടില്ല എന്നല്ല അതിന്റെ അര്‍ത്ഥം. ഇതില്‍ കൂടുതല്‍ ഇന്‍കുബേഷന്‍ പീരീഡ് ഉള്ളത് അത്യപൂര്‍വ്വമാണ് എന്നതാണ് അര്‍ത്ഥം. എങ്കിലും കേരളത്തില്‍ അങ്ങിനെ ഉണ്ടായതായി ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അതുകൊണ്ട് മുകളില്‍ പറഞ്ഞ മൂന്ന് സാധ്യതകള്‍ ആണ് ഞാന്‍ ഇപ്പോഴും കാണുന്നത്. അല്ലെങ്കില്‍ വിവരം ആരോഗ്യവകുപ്പ് പുറത്തു വിടേണ്ടതുണ്ട്.
അപ്പോള്‍ ക്വാറന്റൈന്‍ കാലം 28 ദിവസത്തില്‍ നിന്നും നീട്ടേണ്ടതില്ല എന്നാണോ പറയുന്നത് ?
എന്റെ അഭിപ്രായം അങ്ങനെയാണ്, 28 ദിവസത്തില്‍ കൂടുതല്‍ നീട്ടേണ്ടതില്ല എന്നാണ് അഭിപ്രായം. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന കാലാവധി 14 ദിവസമാണ്. ലോകത്തിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും പിന്തുടരുന്നതും 14 ദിവസം തന്നെയാണ്.
അവിടെയൊക്കെ ഇതുപോലെ സംഭവിക്കുന്നില്ല എന്നാണോ പറയുന്നത് ?
അല്ല, ഇത്തരം കാര്യങ്ങളില്‍ കേരളത്തില്‍ സംഭവിച്ചത് തന്നെയാണ് പല രാജ്യങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
അപ്പോള്‍ ചികിത്സയില്‍ ഇരിക്കുന്നവരില്‍ നെഗറ്റീവ് ആകാന്‍ രണ്ടാഴ്ചക്ക് ശേഷവും ആഴ്ചകള്‍ എടുക്കുന്നുണ്ടല്ലോ ?
ഉണ്ട്. 24 മണിക്കൂറില്‍ കൂടിയ ഇടവേളകളില്‍ ശേഖരിക്കുന്ന രണ്ട് സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ. അതില്‍ സമൂഹം ആശങ്കപ്പെടേണ്ട കാര്യമില്ല.
ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ രോഗം പകരില്ല എന്നാണോ പറയുന്നത് ?
ഏറ്റവും കൂടുതല്‍ രോഗപ്പകര്‍ച്ച ഉണ്ടാകുന്നത് രോഗലക്ഷണങ്ങള്‍ ആരംഭിച്ച് രണ്ടാഴ്ചക്ക് അകത്താണ്. രോഗലക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് ഏതാനും ദിവസം മുന്‍പു മുതല്‍ രോഗം പകരാനുള്ള സാധ്യതയുണ്ട്. എന്നാല്‍ 14 ദിവസത്തിനു ശേഷം രോഗം പകരാനുള്ള സാധ്യത കുറവാണ്. 28 ദിവസത്തിനു ശേഷം രോഗം പകരാനുള്ള സാധ്യത തീരെ ഇല്ല എന്ന് തന്നെ പറയാം. ഇനി അങ്ങനെ ഉണ്ടെങ്കില്‍ തന്നെ സമൂഹം കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ രോഗം ലഭിക്കുന്നത് തടയാന്‍ സാധിക്കും. ഇതിനിടയില്‍ പോസിറ്റീവ് ആകുന്നവര്‍ പാലിക്കേണ്ട കാര്യങ്ങള്‍ ആരോഗ്യവകുപ്പ് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുമുണ്ട്. അത് പാലിച്ചാല്‍ മതിയാകും.
ഇങ്ങനെ റിസ്‌ക് എടുക്കുന്നതിലും നല്ലതല്ലേ വിദേശത്തു നിന്ന് വന്നവര്‍ക്ക് രണ്ടോമൂന്നോ മാസം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നത് ?
ഒരു കാര്യം ഞാനടക്കമുള്ളവര്‍ മനസ്സിലാക്കേണ്ടതുണ്ട്. എനിക്ക് അസുഖം ലഭിച്ചാല്‍ അതിന്റെ ഉത്തരവാദി ഞാന്‍ ആണ് എന്ന്. കാരണം എനിക്ക് അസുഖം ലഭിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് ലോകാരോഗ്യസംഘടന മുതലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ അറിയിപ്പ് നല്‍കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് ശാരീരിക അകലം പാലിക്കുക എന്നത്. അതായത് ഒന്നര മീറ്ററില്‍ കൂടുതല്‍ ശാരീരിക അകലം പാലിക്കുക. ഞാന്‍ കാണുന്ന മറ്റൊരാളുടെ ശരീരത്തില്‍ വൈറസ് ബാധ ഉണ്ടെങ്കില്‍ പോലും അയാളില്‍ നിന്ന് എനിക്ക് അസുഖം പകരാതിരിക്കാന്‍ വേണ്ടിയാണ് അത്. അയാള്‍ തുമ്മുമ്പോഴും ചുമക്കുമ്പോഴും തെറിക്കുന്ന ചെറുതുള്ളികള്‍ നമ്മുടെ വായിലും മൂക്കിലും കണ്ണിലും പ്രവേശിച്ചുകൂടാ. അത് നമ്മുടെ കൂടി ഉത്തരവാദിത്വമാണ്.
മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക എന്നതും കൈകള്‍ മുഖത്ത് സ്പര്‍ശിക്കാതിരിക്കുക എന്നതും. കാരണം വൈറസ് ബാധയുള്ള ഒരാള്‍ തുമ്മുമ്പോഴും ചുമക്കുമ്പോഴും തെറിക്കുന്ന കണങ്ങള്‍ ഏതെങ്കിലും പ്രതലങ്ങളില്‍ പറ്റി പിടിച്ചിരിക്കുകയും, ആ പ്രതലങ്ങളില്‍ നമ്മള്‍ തൊട്ട ശേഷം നമ്മുടെ മൂക്കിലോ വായിലോ കണ്ണിലോ തൊട്ടാല്‍ വൈറസ് നമ്മുടെ ശരീരത്തില്‍ കയറാന്‍ സാധ്യതയുണ്ട് എന്നത് തന്നെ.
ഈ രണ്ടു കാര്യങ്ങള്‍ ചെയ്യാതെ എനിക്ക് രോഗബാധ ഉണ്ടായാല്‍ വിദേശത്ത് നിന്ന് വന്നവരെ ചീത്ത വിളിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത് ഞാനടക്കമുള്ളവര്‍ മനസ്സിലാക്കേണ്ട കാര്യമാണ്.
എഴുതിയതില്‍ തെറ്റുകളുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടണം. തീര്‍ച്ചയായും തിരുത്തല്‍ വരുത്തും.
Comments