തിരുവനന്തപുരം: വീണ്ടും സ്പ്രിംഗ്ലറിൽ വിവാദം കത്തിച്ച് മാധ്യമങ്ങളെ കണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിംഗ്ലറിൽ യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും ഒരു മറുപടിയും മുഖ്യമന്ത്രിക്കില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന് യുഡിഎഫിന്റെ പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്യുമ്പോഴും അഴിമതി കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരാറിന്റെ പിന്നിലുള്ള സത്യങ്ങൾ പുറത്തുവന്നതിൽ മുഖ്യമന്ത്രിയ്ക്ക് വേവലാതിയാണ്. ഐടി സെക്രട്ടറി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സന്ദർശിച്ചത് കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു. സ്പ്രിംഗ്ലർ കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ചതെല്ലാം ശരിയായ കാര്യങ്ങളാണ്. ഒരു ചോദ്യത്തിന് പോലും മുഖ്യമന്ത്രിക്ക് കൃത്യമായ മറുപടിയില്ല. ഇടതുമുന്നണിയുടെ പൊതുനയത്തിന് എതിരായാണ് കരാർ നടപടികളെന്ന തന്റെ ആക്ഷേപത്തെ ഇടതുമുന്നണി നേതൃത്വമോ സിപിഎം ദേശീയ-സംസ്ഥാന നേതൃത്വങ്ങളോ തള്ളിയിട്ടില്ലെന്ന് ഓർക്കണമെന്നും ചെന്നിത്തല പറഞ്ഞു.
അഴിമതിയും കൊള്ളയും മറച്ചുവെക്കാനാകില്ല. സ്പ്രിംഗ്ലർ കരാറിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കരാർ പരിശോധിക്കാൻ രണ്ടംഗസമിതിയെ നിയോഗിച്ചത് കുറ്റസമ്മതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post