തിരുവനന്തപുരം: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച ചെമ്പന്‍ വിനോദിനെയും സംവിധായകനുള്ള പുരസ്‌കാരം ലഭിച്ച ലിജോ ജോസ് പെല്ലിശ്ശേരിയെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇരുവര്‍ക്കും അഭിനന്ദനം അറിയിച്ചത്.
ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ആഗോള നിലവാരമുള്ള ചിത്രങ്ങളോട് മാറ്റുരച്ചാണ് ലിജോയുടെ ഈമയൗ മികച്ച നടനും സംവിധായകനുമുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി കേരളത്തിന്റെ അഭിമാനമായി മാറിയത്.
എറണാകുളം ജില്ലയിലെ ചെല്ലാനം എന്ന തീരദേശഗ്രാമത്തിലെ ഒരു വീട്ടിലെ ഗൃഹനാഥന്‍ അപ്രതീക്ഷിതമായി മരിക്കുന്നതും തുടര്‍ന്ന് ആ മരണവീട്ടിലുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ഈമയൗ എന്ന ചിത്രത്തില്‍ പറയുന്നത്. പിതാവിന്റെ മരണം സൃഷ്ടിക്കുന്ന മാനസികാഘാതവും പേറി തനിക്ക് മുന്നിലുള്ള പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്ന ഈശി എന്ന മകനായി ഞെട്ടിക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ ചെമ്പന്‍ വിനോദ് കാഴ്ച്ചവെച്ചത്. കേരളത്തിലെ തീയ്യേറ്ററുകളില്‍ മികച്ച നിരൂപക പ്രശംസ സ്വന്തമാക്കിയ ചിത്രം ഗോവ ചലച്ചിത്രമേളയിലും പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയിരുന്നു.