കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച ഭൂരിഭാഗം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് കളക്ടര്‍ ടിവി സുഭാഷ്. അതേസമയം ജില്ലയില്‍ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ 2432 പേരെയാണ് നിലവില്‍ ടെസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം ജില്ലയില്‍ റിവേഴ്സ് ക്വാറന്റീന്‍ ശക്തിപ്പെടുത്തുമെന്നും രോഗം ബാധിച്ചവരുടെ പ്രൈമറി, സെക്കന്‍ഡറി പട്ടികയില്‍ പെട്ടവരെയും പരിശോധനക്ക് വിധേയമാക്കുമെന്നും കളക്ടര്‍ പറഞ്ഞു.
നിലവില്‍ ജില്ലയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വൈകി രോഗം സ്ഥിരീകരിക്കുന്ന സംഭവം ആരോഗ്യ വകുപ്പ് വിദഗ്ധര്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്പര്‍ക്ക പട്ടികയിലെ 120 പേരുടേയും വിദേശത്ത് നിന്ന് നാട്ടിലെത്തിയ 45 പേരുടേതുമടക്കം 165 പേരുടെ റിസള്‍ട്ട് കൂടി ലഭിക്കാനുണ്ടെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ ഇതുവരെ 111 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 49 പേര്‍ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ ദുബായിയില്‍ നിന്ന് വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ ഉണ്ടായത്. ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ വന്ന ഹൗസ് സര്‍ജനാണ് വൈറസ് ബാധിതനായ മറ്റൊരാള്‍.