തൃശ്ശൂര്‍; സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി എംബി രാജേഷ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംബി രാജേഷ് വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ശരിയെന്ന് ഉത്തമ ബോദ്ധ്യമുള്ള ഒരു നടപടി ന്യായീകരിക്കാന്‍ തന്നെയാണിത് എഴുതുന്നത്. കൊവിഡ് പ്രതിരോധിക്കാന്‍ വിവര വിശകലനത്തിന് സ്പ്രിങ്ക്ളര്‍ എന്ന കമ്പനിയുടെ ആപ്ലിക്കേഷന്‍ ഉപയോഗിച്ചത് എന്തുകൊണ്ട് ന്യായമാണെന്ന് അക്കമിട്ട് പറയാനുള്ള കുറിപ്പ്.. പ്രതിപക്ഷ ആരോപണങ്ങള്‍ അസംബന്ധമാണെന്ന് വസ്തുതകളുടെ മാത്രം അടിസ്ഥാനത്തില്‍ എണ്ണിപ്പറയാനാണ് ശ്രമിക്കുന്നത്. മറുപടി ഉണ്ടെങ്കില്‍ ഏതെങ്കിലും ഒരു കഷ്ണം അടര്‍ത്തിയെടുത്തു പറയാതെ, വെറും അധിക്ഷേപങ്ങള്‍ അല്ലാതെ വസ്തുനിഷ്ഠമായി എണ്ണിപ്പറയണം.-എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ലോക്ക് ഡൗണ്‍പ്രഖ്യാപിച്ച, സ്പ്രിങ്ക്ളറുമായുള്ള കരാറിന് തുടക്കം കുറിച്ച മാര്‍ച്ച് 24ന്റെ കേരളം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ള സംസ്ഥാനമായിരുന്നു എന്ന് മറക്കരുത്. ഇന്നത്തേക്കാള്‍ എത്രയോ ഭീതിജനകമായിരുന്നു അന്നത്തെ സ്ഥിതി എന്നും. ലക്ഷക്കണക്കിന് പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്ന ആശങ്ക വേറെയും..സമൂഹ വ്യാപനമുണ്ടായാല്‍ ജനസാന്ദ്രത ഏറിയ കേരളത്തില്‍ വന്‍ ദുരന്തമുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍. ഒരു കണക്ക് 80 ലക്ഷം പേരില്‍ വരെ രോഗലക്ഷണങ്ങളുണ്ടാകാം എന്നായിരുന്നു.ഐ.എം.ഏ.കൊച്ചി ചാപ്റ്റര്‍ മാര്‍ച്ച് 16 ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് എഴുതിയ കത്തില്‍ പ്രകടിപ്പിച്ച ആശങ്ക 65 ലക്ഷം പേരിലേക്ക് രോഗം പകരാമെന്നായിരുന്നു. 9.4 ലക്ഷം പേര്‍ക്ക് ആശുപത്രിവാസം വേണ്ടിവരുമെന്നും രണ്ട് ലക്ഷത്തിലേറെ കഇഡബെഡ്ഡുകള് വേണ്ടിവരുമെന്നുമായിരുന്നു മുന്നറിയിപ്പ്.ദുരന്തം ഒഴിവാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ അനിവാര്യമായിരുന്നു.
ലക്ഷക്കണക്കിനാളുകളുടെ ആരോഗ്യസ്ഥിതി ദൈനം ദിനം നിരീക്ഷിക്കാനും അതനുസരിച്ച് അപ്പപ്പോള്‍ ഇടപെടലും ചികിത്സാ സൗകര്യങ്ങളും കുറ്റമറ്റ രീതിയില്‍ ഉറപ്പാക്കാനും മനുഷ്യാദ്ധ്വാനം മാത്രം പോര സാങ്കേതികാ വിദ്യാ പിന്തുണയും ഉണ്ടായേ പറ്റു എന്ന സാഹചര്യം. ഈ ഘട്ടത്തിലാണ് സ്പ്രിങ്ക്ളര്‍ അവരുടെ സോഫ്റ്റ് വെയര്‍ അടിസ്ഥാനമാക്കിയ സേവനത്തിനുള്ള ഒരു അപ്ലിക്കേഷന്‍ സൗജന്യമായി കേരളത്തിന് വാഗ്ദാനം ചെയ്യുന്നത്. ഇത് ലക്ഷക്കണക്കിന് വിവരങ്ങള്‍ അതിവേഗത്തില്‍ വിശകലനം ചെയ്ത് വേഗത്തിലും ഫലപ്രദമായും ഇടപെടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ സഹായിക്കുമെന്നതിനാല്‍ അത് സ്വീകരിച്ചു. മനുഷ്യജീവന് വന്‍ ഭീഷണി ഉയരുന്ന അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടികളെടുക്കാന്‍ സര്‍ക്കാറിന് നിയമപരവും ധാര്‍മ്മികവുമായ എല്ലാ അധികാരങ്ങളുമുണ്ട്. എന്നും എംബി രാജേഷ് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ്;
ശരിയെന്ന് ഉത്തമ ബോദ്ധ്യമുള്ള ഒരു നടപടി ന്യായീകരിക്കാന്‍ തന്നെയാണിത് എഴുതുന്നത്. കോവിഡ് പ്രതിരോധിക്കാന്‍ വിവര വിശകലനത്തിന് സ്പ്രിങ്ക്ളര്‍ എന്ന കമ്പനിയുടെ അപ്ലിക്കേഷന്‍ ഉപയോഗിച്ചത് എന്തുകൊണ്ട് ന്യായമാണെന്ന് അക്കമിട്ട് പറയാനുള്ള കുറിപ്പ്.. പ്രതിപക്ഷ ആരോപണങ്ങള്‍ അസംബന്ധമാണെന്ന് വസ്തുതകളുടെ മാത്രം അടിസ്ഥാനത്തില്‍ എണ്ണിപ്പറയാനാണ് ശ്രമിക്കുന്നത്. മറുപടി ഉണ്ടെങ്കില്‍ ഏതെങ്കിലും ഒരു കഷ്ണം അടര്‍ത്തിയെടുത്തു പറയാതെ, വെറും അധിക്ഷേപങ്ങള്‍ അല്ലാതെ വസ്തുനിഷ്ഠമായി എണ്ണിപ്പറയണം.
മനുഷ്യരാശിയാകെ നേരിട്ട അതീവ ഗുരുതരമായ വെല്ലുവിളിയാണ് കോവിഡ്- 19. ലോകത്താകെ ഇതിനെ നേരിടാന്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത അസാധാരണ നടപടികള്‍ സ്വീകരിക്കേണ്ടി വന്നു. ഇന്ത്യയിലും പ്രതിദിനം ഏകദേശം അന്‍പതിനായിരം കോടി രൂപയുടെ ഉല്‍പ്പാദന നഷ്ടം വരുന്ന ലോക് ഡൗണ്‍ നീണ്ട 40 ദിവസത്തേക്ക് നടപ്പാക്കേണ്ടി വന്നു. ഇതുണ്ടാക്കുന്ന ദീര്‍ഘകാല സാമ്പത്തിക നഷ്ടവും ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗങ്ങളുടെ തകര്‍ച്ചയും വേറെ .ഇത്രയും കടുത്ത, അസാധാരണ നടപടികള്‍ എന്തിനാണ്? മനുഷ്യജീവനുകള്‍ രക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തി.അതു മാത്രമാണ് ലോകമാകെ എല്ലാ സര്‍ക്കാരുകളുടേയും മുന്നില്‍ ഇന്നുള്ള ഒരേയൊരു ലക്ഷ്യം. മറ്റെല്ലാം തല്ക്കാലം അതു കഴിഞ്ഞേയുള്ളു..
ലോക്ക് ഡൗണ്‍പ്രഖ്യാപിച്ച, സ്പ്രിങ്ക്ളറുമായുള്ള കരാറിന് തുടക്കം കുറിച്ച മാര്‍ച്ച് 24ന്റെ കേരളം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ള സംസ്ഥാനമായിരുന്നു എന്ന് മറക്കരുത്. ഇന്നത്തേക്കാള്‍ എത്രയോ ഭീതിജനകമായിരുന്നു അന്നത്തെ സ്ഥിതി എന്നും. ലക്ഷക്കണക്കിന് പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്ന ആശങ്ക വേറെയും..സമൂഹ വ്യാപനമുണ്ടായാല്‍ ജനസാന്ദ്രത ഏറിയ കേരളത്തില്‍ വന്‍ ദുരന്തമുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍. ഒരു കണക്ക് 80 ലക്ഷം പേരില്‍ വരെ രോഗലക്ഷണങ്ങളുണ്ടാകാം എന്നായിരുന്നു.ഐ.എം.ഏ.കൊച്ചി ചാപ്റ്റര്‍ മാര്‍ച്ച് 16 ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് എഴുതിയ കത്തില്‍ പ്രകടിപ്പിച്ച ആശങ്ക 65 ലക്ഷം പേരിലേക്ക് രോഗം പകരാമെന്നായിരുന്നു. 9.4 ലക്ഷം പേര്‍ക്ക് ആശുപത്രിവാസം വേണ്ടിവരുമെന്നും രണ്ട് ലക്ഷത്തിലേറെ ICUബെഡ്ഡുകള്‍ വേണ്ടിവരുമെന്നുമായിരുന്നു മുന്നറിയിപ്പ്.ദുരന്തം ഒഴിവാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ അനിവാര്യമായിരുന്നു..ലക്ഷക്കണക്കിനാളുകളുടെ ആരോഗ്യസ്ഥിതി ദൈനം ദിനം നിരീക്ഷിക്കാനും അതനുസരിച്ച് അപ്പപ്പോള്‍ ഇടപെടലും ചികിത്സാ സൗകര്യങ്ങളും കുറ്റമറ്റ രീതിയില്‍ ഉറപ്പാക്കാനും മനുഷ്യാദ്ധ്വാനം മാത്രം പോര സാങ്കേതികാ വിദ്യാ പിന്തുണയും ഉണ്ടായേ പറ്റു എന്ന സാഹചര്യം.
ഈ ഘട്ടത്തിലാണ് സ്പ്രിങ്ക്ളര്‍ അവരുടെ സോഫ്റ്റ് വെയര്‍ അടിസ്ഥാനമാക്കിയ സേവനത്തിനുള്ള ഒരു അപ്ലിക്കേഷന്‍ സൗജന്യമായി കേരളത്തിന് വാഗ്ദാനം ചെയ്യുന്നത്. ഇത് ലക്ഷക്കണക്കിന് വിവരങ്ങള്‍ അതിവേഗത്തില്‍ വിശകലനം ചെയ്ത് വേഗത്തിലും ഫലപ്രദമായും ഇടപെടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ സഹായിക്കുമെന്നതിനാല്‍ അത് സ്വീകരിച്ചു. മനുഷ്യജീവന് വന്‍ ഭീഷണി ഉയരുന്ന അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടികളെടുക്കാന്‍ സര്‍ക്കാറിന് നിയമപരവും ധാര്‍മ്മികവുമായ എല്ലാ അധികാരങ്ങളുമുണ്ട്.. അതിന്റെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ ചെയ്തത് ശരിയും പ്രതിപക്ഷ ആരോപണങ്ങള്‍ തെറ്റുമാണെന്ന് തെളിയിക്കുന്ന വസ്തുതകള്‍ ഓരോന്നായി നോക്കാം.
1. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കിയ Personal Data Protection (PDP) ബില്‍, 2018ലെ 19 (a), (b), 21 (b) ( c) വകുപ്പുകള്‍ സര്‍ക്കാരിന് സെന്‍സിറ്റീവായ വ്യക്തിഗത വിവരങ്ങള്‍ പ്രോസസ് ചെയ്യാനുള്ള അധികാരത്തെക്കുറിച്ച് പറയുന്നു.പ്രത്യേകിച്ച് 21 (b) പകര്‍ച്ചവ്യാധിയുണ്ടായാല്‍ ആരോഗ്യ സേവനം ലഭ്യമാക്കാന്‍ വ്യക്തിഗത വിവരം സര്‍ക്കാരിനുള്ള അധികാരം സ്പഷ്ടമായി പറയുന്നുണ്ട്. പരിഗണനയിലിരിക്കുന്ന ഈ ബില്ലല്ലാതെ ഇതു സംബന്ധിച്ച് വേറെ നിയമമൊന്നും രാജ്യത്ത് ഇല്ല എന്നുമറിയണം..
2. കേരള സര്‍ക്കാരിന്റെ പകര്‍ച്ചവ്യാധി തടയല്‍ നിയമവും ഇത്തരം സാഹചര്യങ്ങളില്‍ ജനങ്ങളുടെ ജീവന് രക്ഷിക്കാനുള്ള ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നുണ്ട്.
3. കൊറോണയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ധനമന്ത്രാലയം ഫെബ്രുവരി 19 ന്റെ ഉത്തരവിലൂടെ Force Majeure ക്ലോസ് പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. അതിനര്‍ത്ഥം, ചുരുക്കി, ലളിതമായി പറഞ്ഞാല്‍ അസാധാരണ സാഹചര്യങ്ങളില്‍ സാധാരണ നടപടിക്രമങ്ങള്‍ പാലിക്കുന്നതിനുള്ള ബാദ്ധ്യതകളില്‍ നിന്ന് ഒഴിവാക്കുന്നതു സംബന്ധിച്ചാണ്.അത് നിലവിലുള്ള കരാറുകള്‍ക്ക് മാത്രമല്ല ബാധകം. അസാധാരണ സാഹചര്യം കാരണം ടെന്‍ഡര്‍ പോലുള്ള സാധാരണ നടപടി ക്രമങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് അവ പൊതുനന്മയെ മുന്‍നിര്‍ത്തിയുള്ള അടിയന്തിരാവശ്യങ്ങള്ക്ക് തടസ്സമാകാതിരിക്കാനും FM ക്ലോസ് സഹായിക്കുന്നു.
4. കേരളത്തില്‍ തന്നെ 2013 ല്‍ ഉമ്മന്‍ ചാണ്ടി ഗവണ്മെന്റ് ദുരന്തം പോലുള്ള അസാധാരണ സാഹചര്യങ്ങളില്‍ സ്റ്റോര്‍ പര്‍ച്ചേസ്മാനുവലില്‍ വരുത്തിയ മാറ്റം നോക്കു. 15000 രൂപ വരെയുള്ള പര്‍ച്ചേസ് -സാധനങ്ങളോ സേവനമോ – ബന്ധപ്പെട്ട ഉദ്യോഗസ്ഥന്, ടെന്‍ഡര്‍ പോലുള്ള നടപടിക്രമങ്ങളില്ലാതെ നടത്താന്‍ അത് അധികാരം നല്കുന്നു.ഇത് ചൂണ്ടിക്കാട്ടിയ eപ്പാള്‍ വിഷ്ണുനാഥ് എന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞത് വിദേശത്തു നിന്ന് പറ്റില്ല എന്ന കള്ളമായിരുന്നു. ആ മാനുവലിന്റെ ചാപ്റ്റര്‍ 2, ക്ലോസ് 2.2 ആ കള്ളം പൊളിക്കുന്നു. എല്ലാ സര്‍ക്കാരുകളുടെ കാലത്തും അസാധാരണ സാഹചര്യങ്ങളെ നേരിടാന്‍ അസാധാരണ നടപടികളെടുക്കേണ്ടി വരും എന്ന് ഓര്‍മ്മിപ്പിച്ചു എന്നു മാത്രം.
5.ഇനി ഡാറ്റ സുരക്ഷ .ഇന്ത്യയില്‍ പാലിക്കേണ്ട വ്യവസ്ഥയനുസരിച്ച് ഡാറ്റ ഇന്ത്യക്കുളളിലെ സര്‍വറില്‍ തന്നെയാണ് സൂക്ഷിച്ചത്. ആമസോണ്‍ വെബ് സര്‍വീസിന്റെ മുംബൈ റീജ്യണിലുള്ള ക്ലൗഡ് സ്റ്റോറേജില്‍. സര്‍ക്കാര്‍ ശേഖരിക്കുന്ന വിവരങ്ങളുടെ ഉടമസ്ഥത പൂര്‍ണ്ണമായും സര്‍ക്കാറിന് മാത്രമായിരിക്കും.പ്രോസസ് ചെയ്യുന്ന ഡാറ്റ സ്പ്രിങ്ക്ളര്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, കരാര്‍ കാലാവധി കഴിയുമ്പോള്‍ ഡാറ്റ സെര്‍വറില്‍ നിന്ന് അവര്‍ നീക്കം ചെയ്യണം എന്നീ വ്യവസ്ഥകള്‍ 24 ന് ലഭ്യമാക്കിയ രേഖകളില്‍ തന്നെ ഉണ്ടായിരുന്നു. സ്റ്റോറേജിലെ ഡേറ്റയാവട്ടെ എന്‍ക്രിപ്റ്റഡ് ആണു താനും. അതിലേക്കുള്ള ഹ്യൂമന്‍ ആക്സസ് സാങ്കേതികമായും അപ്ലിക്കേഷന്‍ ആക്സസ് നിയമപരമായും നിയന്ത്രിച്ചിട്ടുണ്ട്.ഇവ മോണിറ്റര്‍ ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങളുമുണ്ട്. എന്‍ഫോഴ്സ് ചെയ്യാനുള്ള നിയമപരമായ ചട്ടക്കൂട് കരാറില്‍ നിര്‍വ്വചിച്ചിട്ടുണ്ട്.
പിന്നീട് ആമസോണ്‍ വെബ് സര്‍വീസിലുള്ള സി-ഡിറ്റിന്റെ ക്ലൗഡ് അക്കൗണ്ടിന്റെ ശേഷികൂട്ടി അതിലേക്ക് ഡേറ്റ മാറ്റുകയാണ്.അതോടെ ഉടമസ്ഥത മാത്രമല്ല പരിപൂര്‍ണ്ണ നിയന്ത്രണാധികാരവും കേരളത്തിനു മാത്രമായി. സ്പ്രിങ്ക്ളറിന് എല്ലാ ഘട്ടത്തിലും ഈ എന്‍ക്രിപ്റ്റഡ് ഡേറ്റ പ്രോസസ്സ് ചെയ്ത് സര്‍ക്കാരിന് ആവശ്യമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കാന്‍ മാത്രമേ കഴിയൂ.അതായത് പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപം ഇപ്പോള്‍ തീര്‍ത്തും അപ്രസക്തമായി. സര്‍ക്കാരിന്റെ ക്ലൗഡ് അക്കൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മറ്റേതൊരു സോഫ്റ്റ് വെയറും പോലത്തന്നെ സുരക്ഷിതവും പൂര്‍ണ്ണാധികാരമുള്ളതുമാണിതും. അതായത് പ്രതിപക്ഷ ആരോപണങ്ങള്‍ പൂര്‍ണ്ണമായും പൊളിഞ്ഞു പാളീസായി.
6. ഡാറ്റ ശേഖരിക്കുമ്പോള്‍ വ്യക്തികളുടെ സമ്മതം വാങ്ങിയോ? സര്‍ക്കാര്‍ ഡാറ്റ ശേഖരിക്കുന്നത് നിയമപരമോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ നിര്‍ബന്ധത്തിലുടെയല്ല. തരാത്തവര്‍ക്കെതിരെ നിയമ / ശിക്ഷാ നടപടികളൊന്നുമില്ലെന്നിരിക്കേ വ്യക്തിക്ക് സമ്മതമായതുകൊണ്ടാണല്ലോ നല്‍കുന്നത്? ഇത് കോവിഡ് പ്രതിരോധ ആവശ്യത്തിനാണ് എന്ന് അവരെ അറിയിക്കുന്നുമുണ്ട്.
7. ഡാറ്റ പ്രോസസ് ചെയ്യാന്‍ സ്പ്രിങ്ക്ളറിന്റെ സോഫ്റ്റ് വെയര്‍ സേവനമാണ് ഉപയോഗിക്കുന്നത് എന്ന് വ്യക്തികളോട് പറയുന്നുണ്ടോ എന്ന് ഒരു അവതാരക ?! ശേഖരിക്കുന്ന ഡേറ്റ പ്രോസസ് ചെയ്യാന്‍ ഏല്‍പ്പിക്കുന്ന കമ്പനി ഏതാണെന്ന് അറിയിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ഏത് നിയമം ?ബാങ്കില്‍ അക്കൗണ്ടെടുക്കുമ്പോഴും മറ്റും കൊടുക്കുന്ന സാമ്പത്തിക വിവരങ്ങളടക്കമുള്ളവ പ്രോസസ് ചെയ്യുന്നത് ബാങ്കല്ലല്ലോ. അവര്‍ ഏത് കമ്പനിയുടെ സോഫ്റ്റ് വെയര്‍ സേവനമാണ് നിങ്ങളുടെ ഡാറ്റ പ്രോസസ് ചെയ്യാന്‍ ഉപയോഗിക്കുന്നത് എന്ന് നിങ്ങള്‍ ചോദിക്കുകയോ അവര്‍ അറിയിക്കുകയോ ചെയ്യാറുണ്ടോ? അതിനു ശേഷമാണോ നിങ്ങള്‍ വിവരം ബാങ്കിന് കൊടുത്തത്? അവിടെ ബാങ്കിന് എന്ന പോലെ ഇവിടെ വിവരം ശേഖരിക്കുന്നതും അതിന്റെ ഉടമസ്ഥതയും കൈകാര്യവും ഉത്തരവാദിത്തവും സര്‍ക്കാരിന്റെയാണ്. സര്‍ക്കാര്‍ അതുറപ്പു വരുത്തിയിട്ടുമുണ്ട്. അതാണ് മാസ്റ്റര്‍ സര്‍വ്വീസ് എഗ്രിമെന്റിലെ 2.1വ്യവസ്ഥ.അതനുസരിച്ച് ‘ customer own all rights, title and interest in and to all customer content uploaded, stored, processed or transmitted through the platform under the sprinkler account ‘ ഇതിനു പുറമേ ഡേറ്റാ പ്രോസസിങ്ങ് അഡന്റത്തില് നമ്പര്‍ 7. ‘ Sprinkier shall maintain technical and organisational measures designed to protect the security (including protection against unauthorised or unlawful processing and against accidental or un lawful destruction, loss or alteration or damage un authorised disclosure of or access to personal data ), confidentiality or integrity of personal data.’ ഈ ശക്തവും വ്യക്തവുമായ വ്യവസ്ഥകളില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് എന്താണ്? അല്ലെങ്കില്‍ അവര്‍ കാണുന്ന കുറവ് എന്താണ്?
8. അപ്പോള്‍ വ്യക്തിയുടെ സ്വകാര്യതക്ക് സി.പി.എം.ഒരു വിലയും കല്പിക്കുന്നില്ലേ? പാര്‍ലിമെന്റില്‍ ആധാര്‍ ഡാറ്റ ചോര്‍ച്ചയുടെ പേരില്‍ സ്വകാര്യതക്കും ഡാറ്റ സുരക്ഷക്കും ഘോര ഘോരം വാദിച്ച എം.ബി.രാജേഷിന് ഇപ്പോള്‍ അവസരവാദ നിലപാടല്ലേ? സ്വകാര്യത വളരെ പ്രധാനമാണ്. മൗലികാവകാശവുമാണ്. ഏത് വ്യക്തിവിവരങ്ങളുടേയും സുരക്ഷ പ്രധാനം തന്നെയാണ്. സി.പി.എം അക്കാര്യത്തില്‍ മറ്റാര്‍ക്കുമില്ലാത്തത്ര ഏറ്റവും ദൃഡമായ, വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള പാര്‍ട്ടിയാണ്. അതു കൊണ്ടാണ് അടിയന്തിര സാഹചര്യത്തിലെ കാരാറാണെങ്കിലും മുകളില്‍ ചൂണ്ടിക്കാണിച്ച MSAയിലെ 2.1 വ്യവസ്ഥ ഉറപ്പു വരുത്തിയത്.പിന്നെ ബയോമെട്രിക്ക് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആധാറും കോവിഡുമായി ബന്ധപ്പെട്ട അപ്പോഴത്തെ ആരോഗ്യനിലയുടെ വിവരവും ഒരു പോലെയാണെന്ന കോണ്‍ഗ്രസിന്റെ വാദമുണ്ടല്ലോ അതിനെ നമിക്കുന്നു. ആധാര്‍ തുടങ്ങി വെച്ച കോണ്‍ഗ്രസും, ഹ്യുമന്‍ DNA പ്രൊഫൈലിങ്ങ് നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ ലോക്സഭയില്‍ രേഖാമൂലം മറുപടി നല്കിയ മുല്ലപ്പള്ളിയും സ്വകാര്യതയെക്കുറിച്ച് പ്രസംഗിക്കുന്നതിനേക്കാള്‍ വലിയ അശ്ലീലം മറ്റെന്താണ്? സ്വകാര്യത മൗലികാവകാശമല്ലെന്ന് സുപ്രീം കോടതിയില്‍ ശക്തിയുക്തം വാദിച്ച മോദി സര്‍ക്കാരിനെ മറന്ന് ബി.ജെ.പി.യും സ്വകാര്യതയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ് എടുക്കാന്‍ ഇറങ്ങിയിട്ടുണ്ട്. ആ മോദി സര്‍ക്കാരിന്റെ ആരോഗ്യ സേതു ആപ് ഉപയോഗിച്ച് നിങ്ങളുടെ സഞ്ചാര വിവരം വരെ സര്‍ക്കാരിനും ഏജന്‍സികള്‍ക്കും അപ്പപ്പോള്‍ അറിയാം. അതുമായി താരതമ്യപ്പെടുത്താവുന്ന എന്ത് സ്വകാര്യതാ ലംഘനമാണ് കേരളത്തില്‍?
ജീവിക്കാനുള്ള അവകാശവും മൗലികാവകാശമാണ്. ജീവന് ഭീഷണി ഉണ്ടായാല്‍ അത് പരിഹരിക്കലാണ് പ്രധാനം. ജീവിച്ചിരിക്കുന്നു എന്നുറപ്പാക്കിയാലേ സ്വകാര്യതക്കുള്ള മൗലികാവകാശം അനുഭവിക്കാനാവൂ. സഞ്ചരിക്കാനും സംഘം ചേരാനുമൊക്കെയുള്ള മൗലികാവകാശങ്ങളും പ്രധാനമല്ലേ? അതിനേക്കാള്‍ പ്രധാനമാണിപ്പോള്‍ പകര്‍ച്ചവ്യാധിയില്‍ നിന്ന് മനുഷ്യരെ രക്ഷിക്കുക എന്നതുകൊണ്ടല്ലേ ആ മൗലികാവകാശത്തെക്കുറിച്ചൊന്നും തല്ക്കാലം വാദിക്കാതെ എല്ലാവരും 40 ദിവസം വീട്ടില്‍ അടങ്ങിയിരിക്കാന്‍ സമ്മതിച്ചത്. ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നതില്‍ ഇപ്പോള്‍ നാം സ്വകാര്യതാ ലാഘനം കാണുന്നില്ലല്ലോ?അത് ഇപ്പോഴത്തെ സ്ഥിതിയുടെ ഗൗരവം തിരിച്ചറിയുന്നതു കൊണ്ടല്ലേ.എന്നിട്ടും ഡാറ്റ സുരക്ഷയും സ്വകാര്യതയും കര്‍ശനമായി ഉറപ്പു വരുത്തി സര്‍ക്കാര്‍ സ്വീകരിച്ച ഒരു നടപടിയില്‍ മാത്രം പെരും നുണയുണ്ടാക്കി പ്രചരിപ്പിക്കുന്നത് ദുരന്തകാലത്തെ രാഷ്ട്രീയ വിളവെടുപ്പു ശ്രമമാണ്.ഈ അസാധാരണ സാഹചര്യങ്ങളില്‍ സ്വീകരിച്ച നടപടികളും സമീപനവും എക്കാലത്തേക്കും ഉള്ളതുമല്ല.സാധാരണ നിലയിലേക്ക് സ്ഥിതിഗതികള്‍ മാറുമ്പോള്‍ ഇതേ നില തുടരേണ്ടതുമില്ല.
9. കേരളം ഉപയോഗിച്ചതിനു സമാനമായ SaaS അപ്ലിക്കേഷന്‍ ഇപ്പോള്‍ രാജസ്ഥാന് സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ലേ? യു.എസ്.കമ്പനിയായ ടാബ്ലു രാജസ്ഥാന് നല്കുന്ന സേവനം എന്താണ്?. ഇതിലൊന്നും ഇല്ലാത്ത സുരക്ഷാ | സ്വകാര്യതാ പ്രശ്നം ഇവിടെ മാത്രം വരുന്നത് രാഷ്ട്രീയമല്ലാതെ വേറെന്താണ്?
10. WHO ക്കും സ്പ്രിങ്ക്ളര്‍ സൗജന്യമായി അപ്ലിക്കേഷന്‍ ലഭ്യമാക്കിയ കാര്യം ഞാന്‍ പറഞ്ഞത് മഹാ വിഡ്ഡിത്തമാണത്രേ. WH0 ക്ക് ഡാറ്റ അനാലിസിസ് അല്ലത്രേ ഇവര്‍ നല്കുന്ന സേവനം. ഡാഷ്ബോര്‍ഡും ചാര്‍ട്ടും ഉണ്ടാക്കല്‍ മാത്രമാണെന്ന്! കോണ്‍ഗ്രസ് നേതാവ് മാത്രമായ ആള്‍ക്ക് അതൊക്കെ പറയാം.എന്നാല്‍ IT കമ്പനിയിലെ സാധാരണ ജീവനക്കാരന് എന്ന മേല്‍വിലാസം മാത്രം വെച്ച് സ്വയം പ്രഖ്യാപിത വിദഗ്ദ്ധന് ചമയുന്ന മുറി വൈദ്യന് അതു പറഞ്ഞത് ഞെട്ടിച്ചു. ഡാറ്റ അനലൈസ് ചെയ്തല്ലേ വിദഗ്ദ്ധോ ഡാഷ്ബോര്‍ഡും ചാര്‍ട്ടും ഉണ്ടാക്കുന്നത്? ഞാന്‍ വിദഗ്ദ്ധനൊന്നുമല്ലപ്പ.സംശയം കൊണ്ട് ചോദിച്ചതാ. പിന്നെ ഇതേ സേവനമാണ് കേരളത്തിനും ലഭ്യമാക്കുന്നത് എന്ന് IT വകുപ്പ് പറയുന്നുമുണ്ട്. വിദഗ്ദ്ധന് മറ്റൊരു ചര്‍ച്ചയില്‍ ചോദിച്ച വേറൊരു മണ്ടത്തരം, ക്ലൗഡ് സുരക്ഷിതമാണെന്നു പറഞ്ഞവര്‍ എന്തിനാണിപ്പോള്‍ ഡാറ്റ ക്ലൗഡില്‍ നിന്ന് മാറ്റുന്നത് എന്നാണ് ? സി-ഡിറ്റിനും ക്ലൗഡ് അക്കൗണ്ടാണെന്നും ക്ലൗഡിലാണിത് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കാനാവുക എന്ന് ആരെങ്കിലും ആ മുറി വൈദ്യനൊന്ന് പറഞ്ഞു കൊടുക്കു.
11. നിയമ നടപടി യുടെ അധികാര പരിധി ന്യൂയോര്‍ക്കിലാകാമോ?. ഇന്ത്യയില്‍ ആകാമെന്നു വെച്ചാല്‍ അതിന് ഏതാനിയമം?ഐ.ടി.ആക്ട് 43 – Aയില്ലേ എന്ന് ചിലര്‍.അത് നടപ്പാക്കാനാവാത്തതു (en forcible) കൊണ്ട് ഇതുവരെ ഒരു കേസും ആ വകുപ്പ് അനുസരിച്ച് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല എന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.ഫലത്തില്‍ ഉപയോഗശൂന്യമായ വകുപ്പ് ഉപയോഗിച്ച് നിയമനടപടി സ്വീകരിക്കാനാണ് ഉപദേശം. എന്തു കൊണ്ട് ന്യു യോര്‍ക്ക്? സോഫ്റ്റ് വെയര്‍ ലൈസന്‍സിങ്ങ്, ഡേറ്റ സുരക്ഷ സംബന്ധിച്ച വികസിതമായ കരാര്‍ നിയമം, വേഗത്തിലുള്ള തീര്‍പ്പ് എന്നിവ ന്യു യോര്ക്കിന് മുന്‍ഗണന നല്കുന്നു. കരാര്‍ ലംഘനത്തിനുള്ള പിഴ, നഷ്ടപരിഹാരം എന്നിവ വളരെ കൂടുതലുമാണ്.കേംബ്രിഡ്ജ് അനലിറ്റിക്ക കേസില്‍ ഫേസ്ബുക്കിന് 5 ബില്യണ്‍ ഡോളര്‍ പിഴയുണ്ടായത് ഓര്‍ക്കുക. ലോ കമ്മീഷന് ഓഫ് ഇന്ത്യയുടെ 188-ാം റിപ്പോര്‍ട്ടില്‍ ന്യൂയോര്‍ക്ക് നിയമ വ്യവസ്ഥയുടെ വാണിജ്യ തര്‍ക്കപരിഹാര രംഗത്തെ മികവിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. പുട്ട സ്വാമി കേസിലെ വിധിന്യായത്തില്‍ അമേരിക്കയുടെ സ്വകാര്യത- ഡേറ്റ സുരക്ഷാ നിയമങ്ങളുടെ സമഗ്രതയെക്കുറിച്ച് നമ്മുടെ സുപ്രീം കോടതിയും പറയുന്നുണ്ട്.
മാത്രമല്ല റിലയന്‍സും ഇന്ത്യാ സര്‍ക്കാരും തമ്മിലുള്ള ഒരു PSC തര്‍ക്കപരിഹാരത്തിന്റെ വേദി ലണ്ടനായിരുന്നു! വിദേശ കമ്പനി അല്ലാതിരുന്നിട്ടും. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണിത് നിശ്ചയിച്ചത് എന്നും ഓര്‍ക്കണം. ഇങ്ങനെ നിരവധി ഉദാഹരണങ്ങളുണ്ട്.മുകളില്‍ അക്കമിട്ട് നിരത്തിയത് വസ്തുതകള്‍ മാത്രമാണ്.
അവസാനിപ്പിക്കാം.
അസാധാരണ സാഹചര്യത്തില്‍ ലക്ഷക്കണക്കിനാളുകളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താന്‍ ദീര്‍ഘവീക്ഷണത്തോടെയും ഉദ്ദേശ ശുദ്ധിയോടെയും ചടുലമായും സര്‍ക്കാര്‍ സ്വീകരിച്ച ഒരു നടപടിയെക്കുറിച്ച് പ്രതിപക്ഷം നടത്തുന്ന അപവാദ പ്രചരണം നാടിനോടുള്ള മഹാപാതകമാണ്. കേരള സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ലഭിച്ച ആഗോള അംഗീകാരത്തിലുള്ള സഹിക്കാനാവാത്ത രാഷ്ട്രീയ അസൂയയുടെ വൈറസാണ് പ്രതിപക്ഷത്തെ ബാധിച്ചിരിക്കുന്നത്.ഈ പ്രതിപക്ഷത്തെ ചരിത്രം ഒറ്റുകാരെന്ന് വിലയിരുത്തും.
_
Discussion about this post