തൃശ്ശൂർ: കൊവിഡ് പ്രതിരോധത്തിൽ കേരളാ മോഡലിനെ രാജ്യം മാതൃകയാക്കണമെന്ന് ആവശ്യപ്പെട്ട് ചരിത്രകാരൻ രാമചന്ദ്ര ഗുഹയും രംഗത്ത്. ശാസ്ത്രബോധത്തിന്റെ കേരള മാതൃകയാണ് നമുക്ക് വേണ്ടതെന്നും അല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പോലും വിശദീകരിക്കാൻ കഴിയാത്ത വർഗ്ഗീയത ഉൾപ്പടെയുള്ളവ നെടുംതൂണായ ഗുജറാത്ത് മോഡലല്ലെന്നുമാണ് ഗുഹ എൻഡിടിവി ഡോട്ട് കോമിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
രാജ്യത്ത് തന്നെ, കേരള മോഡൽ, ഗുജറാത്ത് മോഡൽ എന്നീ പ്രയോഗങ്ങൾ എങ്ങനെയാണ് ആരംഭിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് ഗുഹ ലേഖനം ആരംഭിക്കുന്നത്. 1970 കളിൽ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിലെ സാമ്പത്തിക വിദഗ്ദരാണ് കേരള മോഡലിനെ കുറിച്ചുള്ള വിശദീകരണങ്ങൾ നടത്തിയത്. എന്നാൽ കഴിഞ്ഞ ദശാബ്ദത്തിന്റെ ഒടുവിൽ നരേന്ദ്രമോഡിയാണ് ഗുജറാത്ത് മോഡലിനെക്കുറിച്ച് സംസാരിച്ചത്. എന്നാൽ അതെന്താണെന്ന് സംബന്ധിച്ച കൃത്യമായ നിർവചനം അദ്ദേഹത്തിന് പോലും നൽകാൻ കഴിഞ്ഞിട്ടില്ല’- ഗുഹ വിമർശിക്കുന്നു.
ഗുജറാത്ത് മോഡൽ എന്നാൽ വർഗീയതയിലും അന്ധവിശ്വാസത്തിലും അധികാര കേന്ദ്രീകരണത്തിലുമാണ് നിലനിൽക്കുന്നത്. സ്വകാര്യ മൂലധനത്തിന് കിട്ടിയ പ്രാധാന്യമാണ് ഗുജറാത്ത് മോഡലിന്റെ പ്രത്യേകത. ഇതുവഴിയാണ് വൻകിട വ്യവസായികളുമായി ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞത്. മതന്യൂനപക്ഷങ്ങൾ ഗുജറാത്ത് മോഡലിൽനിന്ന് മാറ്റി നിർത്തപ്പെട്ട കാര്യം മോഡി ഉൾപ്പടെ മറച്ചുവെയ്ക്കുകയാണ്. ഗുജറാത്ത് മാതൃകയെ താങ്ങിനിർത്തുന്ന നാല് തൂണുകൾ അന്ധവിശ്വാസം, രഹസ്യം, കേന്ദ്രീകരണം, വർഗീയത എന്നിവയാണെന്നും രാമചന്ദ്ര ഗുഹ വിമർശിച്ചു.
അതേസമയം, കേരള മാതൃക ശാസ്ത്രീയ ബോധത്തിലും സുതാര്യതയിലും സാമൂഹ്യ സമത്വത്തിലും, വികേന്ദ്രീകരണത്തിലുമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ജനസംഖ്യാ സൂചികകളിലും സ്ത്രീകൾ ഉൾപ്പെടെയുളളവരുടെ വിദ്യാഭ്യാസ രംഗത്തും ഉണ്ടാക്കിയ നേട്ടമാണ് കേരള മോഡലിന്റെ സവിശേഷത.
കോവിഡിനെ കേരളം നേരിടുന്നത് വിദ്യഭ്യാസ മേഖലയിലും സാമൂഹ്യ മേഖലയിലും കൈവരിച്ച പുരോഗതിയുടെ അടിസ്ഥാനത്തിൽ കൂടിയാണ്. കേരളത്തിന്റെ രാഷ്ട്രീയ സംസ്ക്കാരവും ഇതിന് പ്രയോജനം ചെയ്തു. പല പരിമിതികളുമുണ്ടെങ്കിലും കേരളത്തിന് നിരവധി കാര്യങ്ങളിൽ മറ്റുള്ളവരെ പഠിപ്പിക്കാനുണ്ട്. അവരുടെ നേട്ടങ്ങളെക്കുറിച്ച് കഴിഞ്ഞ പതിറ്റാണ്ടുകളിൽ ചർച്ച ഉണ്ടായില്ല. ഇപ്പോൾ അത് രാജ്യത്തെ ആവേശം കൊള്ളിക്കുകയാണ്. ഞങ്ങൾക്ക് വേണ്ടത് ഗുജറാത്ത് മാതൃകയല്ല, കേരള മാതൃകയാണ് അത് തരൂ എന്ന് പറഞ്ഞുകൊണ്ടാണ് രാമചന്ദ്ര ഗുഹയുടെ ലേഖനം അവസാനിക്കുന്നത്.
Discussion about this post