പൊന്നാനി: കെങ്കേമമായി നടത്താനിരുന്ന വിവാഹം ലോക്ക് സൗണില്‍ ലോക്കായതോടെ വെറുമൊരു ചടങ്ങിലൊതുക്കി മുബാറക്. കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ അടച്ചുപൂട്ടി വീട്ടില്‍ ഇരിപ്പായതോടെ ആഗ്രഹവും അതുപോലെ അടച്ചുപൂട്ടുകയായിരുന്നു. ഇതോടെ വിവാഹത്തിനായി കരുതി വെച്ചിരുന്ന തുക ജനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുകയും ചെയ്തിരിക്കുകയാണ് മുബാറക്.
ലോക്ക് ഡൗണില്‍ വലയുന്ന 650 കുടുംബങ്ങള്‍ക്ക് സൗജന്യ പച്ചക്കറിക്കിറ്റുകളും എത്തിച്ചാണ് മുബാറക് മാതൃകയായത്. കുടുംബങ്ങളേയും കൂട്ടുകാരേയും നാട്ടുകാരേയും വിളിച്ച് വിരുന്നുകൊടുത്ത് വിവാഹം വലിയ ആഘോഷത്തില്‍ നടത്തണമെന്ന മാറഞ്ചേരി കാഞ്ഞിരമുക്ക് ഉമ്മര്‍കോയയുടെ മകന് മുബാറക്ക് ആണ് എല്ലാം മാറ്റിവെച്ച് സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയത്.
കാഞ്ഞിരമുക്ക്, പത്തായി മേഖലയിലെ 650 കുടുംബങ്ങള്‍ക്കാണ് സൗജന്യമായി പച്ചക്കറിക്കിറ്റുകള് വീടുകളില്‍ എത്തിച്ചുനല്‍കിയത്. ഏപ്രില്‍ 19 നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. കാലടി കൂരട തളിക്കപ്പറമ്പില് കുഞ്ഞിക്കമ്മുവിന്റെ മകള്‍ നൗഷിയയാണ് വധു. ഞായറാഴ്ച ചെറിയൊരു ചടങ്ങായി മാത്രം വിവാഹം നടത്തിയശേഷം നവവരന് മുബാറക്ക് നവവധു നൗഷിയയെ കാഞ്ഞിരമുക്കിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ചൊവ്വാഴ്ചയാണ് മുബാറക്കിന്റെ സഹോദരി കൂടിയായ മാറഞ്ചേരി പഞ്ചായത്തംഗം സാബിറഹിളറും നവദമ്പതിമാരും ചേര്‍ന്ന് പച്ചക്കറിക്കിറ്റുകള് വിതരണം നടത്തിയത്.
Discussion about this post