തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിവാദത്തില്‍ അന്വേഷണത്തെ ചൊല്ലി ബിജെപിയില്‍ അഭിപ്രായ ഭിന്നത. കഴിഞ്ഞ ദിവസം സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെ എതിര്‍ത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് രംഗത്തെത്തിയിരിക്കുകയാണ്. സ്പ്രിംക്ലറില് സിബിഐ അന്വേഷണമാണ് വേണ്ടതെന്നാണ് രമേശിന്റെ വാദം. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ കൊറോണ പ്രതിരോധ നടപടികളില്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും കെ സുരേന്ദ്രന് പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഭിന്നഭിപ്രായം നിലനിന്നിരുന്നു ഇതിനു പിന്നാലെയാണ് സ്പ്രിംക്ലര്‍ വിവാദത്തിലും അഭിപ്രായ ഭിന്നത രൂപപ്പെട്ടിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
സ്പ്രിംക്ലര്‍ ഇടപാടില്‍ സിബിഐ അന്വേഷണമല്ലാതെ മറ്റെന്താണ് അഭികാമ്യം? രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികള്‍ കണ്ടെത്താന്‍ ഇന്ന് നമ്മുടെ രാജ്യത്ത് സിബിഐക്കും എന്‍ഐഎയ്ക്കും മാത്രമാണ് ശേഷിയുള്ളത്. അതിനാലാണ് ഈ ഇടപാടിനെപ്പറ്റി സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെടുന്നത്. ചികിത്സയ്ക്കായി പിണറായി വിജയന് നടത്തിയ അമേരിക്കന്‍ യാത്രകള്‍ ഫലത്തില്‍ സംസ്ഥാനത്തിന് മാറാരോഗം സമ്മാനിച്ചിരിക്കുകയാണ്. ഇതിനുള്ള ചികിത്സയാണ് ഇനി വേണ്ടത്. പിണറായിയുടെ രോഗം ഭേദമായപ്പോള്‍ സംസ്ഥാനം രോഗക്കിടക്കിയാലായിരിക്കുകയാണ്. ഇതിനുള്ള മരുന്ന് സിബിഐ തന്നെ കണ്ടെത്തട്ടെ. മറ്റേത് ചികിത്സാ രീതിയും ‘ഓപ്പറേഷന് വിജയകരം; രോഗി മരിച്ചു’ എന്ന അവസ്ഥയിലേ ആകൂ
Discussion about this post