തൃശ്ശൂരില്‍ മീന്‍ പിടിക്കുന്നതിനിടെ തൊണ്ടയില്‍ ജീവനുള്ള കരിമീന്‍ കുടുങ്ങി; സംസാരശേഷിയില്ലാത്ത കൃഷ്ണന് അത്ഭുത രക്ഷ, സംഭവം ഇങ്ങനെ

തൃശ്ശൂര്‍: മീന്‍ പിടിക്കുന്നതിനിടെ ജീവനുള്ള കരമീന്‍ തൊണ്ടയില്‍ കുടുങ്ങിയ 60കാരനായ കൃഷ്ണന് അത്ഭുത രക്ഷ. സംസാരശേഷിയില്ലാത്ത കൃഷ്ണന്‍ പുഴയില്‍ കിടന്ന് മരണവെപ്രാളം കാണിക്കുന്നത് കണ്ടാണ് പ്രദേശവാസികള്‍ ഓടിയെത്തിയത്. ആദ്യം ഒന്നും ആര്‍ക്കും മനസിലായില്ല. എന്നാല്‍ വാ തുറന്ന് കാണിച്ചപ്പോഴാണ് തൊണ്ടയില്‍ കുടുങ്ങിയ കരിമീനിന്റെ വാലറ്റം മാത്രം കണ്ടത്.

ഉടന്‍ തന്നെ അദ്ദേഹത്തെ ബൈക്കില്‍ കയറ്റി ചാവക്കാട് ആശുപത്രിയിലെത്തിച്ചു. അപകടം മനസ്സിലാക്കിയ അവര്‍ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് അമലയില്‍ എത്തിക്കുകയും പണിപ്പെട്ട് മീനിനെ പുറത്തെടുത്ത് കൃഷ്ണനെ രക്ഷിക്കുകയും ചെയ്തു.

ആദ്യം കിട്ടിയ കരിമീനിനെ വായില്‍ കടിച്ചുപിടിച്ച് മീന്‍പിടുത്തം തുടര്‍ന്നതാണ് കൃഷ്ണന് വിനയായി മാറിയത്. അടുത്ത മീനിനായി പുഴയില്‍ തപ്പുന്നതിനിടെ കരിമീന്‍ പ്രാണ വെപ്രാളത്തില്‍ അത് കൃഷ്ണന്റെ തൊണ്ടയിലേക്ക് ഇറങ്ങിപ്പോവുകയായിരുന്നു. ചാവക്കാട് എടക്കഴിയൂര്‍ കടലാപറമ്പില്‍ കൃഷ്ണനാണ് എട്ടിന്റെ പണി കിട്ടിയത്.

സാധാരണ ശ്വാസനാളം അടഞ്ഞാല്‍ ആറ് മിനിറ്റിനുള്ളില്‍ മസ്തിഷ്‌കമരണം സംഭവിക്കും. മീന്‍ ശ്വാസനാളത്തില്‍ അനങ്ങിക്കൊണ്ടിരുന്നതിനാല്‍ ഇടയ്ക്ക് അല്പം വായു ലഭിച്ചതിനാലാണ് കൃഷ്ണന് പുതുജീവന്‍ ലഭിക്കാന്‍ ഇടയായത്. നിറയെ മുള്ളുള്ള കരിമീനായതിനാല്‍ പുറത്തെടുക്കാന്‍ ബുദ്ധിമുട്ടിയെന്ന് ഡോ. അര്‍ജുന്‍ പറയുന്നു.

Exit mobile version