കോഴിക്കോട്ട്: കോഴിക്കോട് നിന്ന് വീണ്ടും പഴകിയ മീന്‍ പിടികൂടി. മുബൈയില്‍ നിന്ന് ചരക്ക് തീവണ്ടിയില്‍ എത്തിച്ച 382 കിലോ മീനാണ് അധികൃതര്‍ നശിപ്പിച്ച് കളഞ്ഞത്. കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 382 കിലോഗ്രാം പഴകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ച് കളഞ്ഞത്. അയക്കൂറ, ഏട്ട, അയല, ആവോലി എന്നീ മീനുകളാണ് ഉണ്ടായിരുന്നത്.
ജില്ലയില്‍ നിന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ നാല് ടണ്ണിലധികം പഴകിയ മീനാണ് അധികൃതര്‍ പിടികൂടി നശിപ്പിച്ച് കളഞ്ഞത്. കഴിഞ്ഞ ദിവസം ബേപ്പൂര്‍ കോട്ടക്കടവില്‍ നിന്ന് 3490 കിലോഗ്രാം സൂത മത്സ്യം അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ലാബില്‍ നടത്തിയ പരിശോധനയില്‍ ഇത് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഗോവയില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ട് പോവുകയായിരുന്നു ഈ മത്സ്യം. പിടിച്ചെടുത്ത മീന്‍ ചാലിയം ഫിഷ് ലാന്റിംഗ് സെന്ററിന് സമീപം കുഴിച്ച് മൂടുകയാണ് ചെയ്തത്.
ഒറീസയില്‍ നിന്ന് കൊണ്ട് വന്ന ഭക്ഷ്യയോഗ്യമല്ലാത്ത 271 കിലോഗ്രാം ചൂട മത്സ്യമാണ് ചൊവ്വാഴ്ച നടത്തിയ പരിശോധയില്‍ പിടികൂടിയത്. മതിയായ ശീതീകരണ സംവിധാനം ഒരുക്കാതെ കൊണ്ട് വന്ന മീന്‍ പഴകിയതിനെ തുടര്‍ന്ന് അധികൃതര്‍ മീന്‍ നശിപ്പിച്ച് കളയുകയാണ് ചെയ്തത്.
Discussion about this post