കഞ്ഞിയും ഉപ്പുമാങ്ങയും കഴിച്ചതിനു പിന്നാലെ വയറിളക്കം ബാധിച്ച് ആറുവയസ്സുകാരി മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം

കോട്ടയ്ക്കല്‍: മലപ്പുറത്ത് വയറിളക്കം ബാധിച്ച് ആറുവയസ്സുകാരി മരിച്ചു. കല്‍പ്പകഞ്ചേരി കാവപ്പുര കരിമ്പിന്‍കണ്ടത്തില്‍ സൈനുദ്ദീന്‍-ആയിഷ ദമ്പതിമാരുടെ മകള്‍ ഹംന ഫാത്തിമയാണ് മരിച്ചത്. തലേന്ന് രാത്രി കഞ്ഞിയും ഉപ്പുമാങ്ങയും കഴിച്ചതിനുശേഷമാണ് വയറിളക്കം ഉണ്ടായതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച കോട്ടയ്ക്കല്‍ ആമപ്പാറ മദ്രസുംപടിയിലെ ആയിഷയുടെ വീട്ടിലെത്തിയതായിരുന്നു ഹംന. ഹംനയ്‌ക്കൊപ്പം ബന്ധുക്കളായ രണ്ട് കുട്ടികള്‍ക്കും വയറിളക്കം ബാധിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തലേദിവസം രാത്രി കഞ്ഞിയും ഉപ്പുമാങ്ങയും കഴിച്ചതിനുശേഷമാണ് കുട്ടികള്‍ക്ക് വയറിളക്കം ഉണ്ടായതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഹംനയെ കൂടാതെ കോട്ടയ്ക്കല്‍ കുറ്റിപ്പുറം കൊളക്കാടന്‍ അലിയുടെ മകന്‍ ഹാഫിസ് മുഹമ്മദ് (5), കൊളക്കാടന്‍ ഹനീഫയുടെ മകന്‍ അബാന്‍ (രണ്ടര) എന്നിവരാണ് ചികിത്സതേടിയ മറ്റു രണ്ടുപേര്‍. ഇവരെ ആദ്യം താഴെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചങ്കുവെട്ടിയിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ബുധനാഴ്ച ഉച്ചയോടെ ഹംന മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് കരുതുന്നു. എന്നാല്‍ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹപരിശോധനയ്ക്കുശേഷം ഖബറടക്കം നടത്തും. അദിനാന് മുഹമ്മദ് ആണ് ഹംനയുടെ സഹോദരന്.

Exit mobile version