തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നവര്‍ക്ക് തക്ക മറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയന്. മറ്റെന്തിനേക്കാള്‍ ഉപരിയായി കോവിഡിനെ നേരിടുന്നതിലാവണം ശ്രദ്ധ മുഴുവനെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പോരാട്ടത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ നടത്തുന്ന ശ്രമങ്ങള്‍ മനുഷ്യത്വപരമല്ല. ഒറ്റക്കെട്ടായി നിന്ന് രോഗത്തെ അതിജീവിക്കാനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാദങ്ങളുടെ പുറകേ പോകാനില്ല. ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളില്‍ തനിക്ക് ഒരു തരത്തിലുമുള്ള ആശങ്കയുമില്ല. ‘മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടൂ’ എന്ന ധൈര്യമാണ് തനിക്കുള്ളത്. ഇതുവരെയുള്ള ജീവിതത്തില്‍ അങ്ങനെയായിരുന്നു. തുടര്‍ന്നുള്ള ജീവിതത്തിലും ആ ധൈര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാദങ്ങള്‍ക്ക് പിന്നില്‍ അതിഗൂഢമായ രാഷ്ട്രീയലക്ഷ്യങ്ങള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കാന്‍ പുറപ്പെടരുത്. ആ ശീലത്തോടെ വളര്‍ന്നുവന്നവനല്ല ഇവിടെ ഇരിക്കുന്നത് അദ്ദേഹം പറഞ്ഞു.
അതേസമയം, സ്പ്രിംഗ്ളറില് ഹൈക്കോടതി ഉന്നയിച്ചത് സ്വാഭാവിക ചോദ്യങ്ങള്‍ മാത്രമാണ്. വിവര ശേഖരണത്തിന്റെ ഭാഗമായാണ് ആ ചോദ്യങ്ങള്‍. സ്വാഭാവിക പരിശോധന നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയമായ ആക്രമണങ്ങള്‍ രാഷ്ട്രീയക്കാര്‍ക്ക് എതിരെ ആയിരിക്കണം. ഉദ്യോഗസ്ഥരെ ആക്രമിക്കേണ്ടതില്ല. വിവാദങ്ങള്‍ ഇല്ലാത്തതിന്റെ വിഷമം ചിലര്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post