തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ്19 രോഗികളുള്ള ജില്ല കണ്ണൂരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാഹചര്യത്തിൽ അവിടെ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. പോലീസ് പരിശോധനയും ശക്തമാക്കി. ഇതിന് ഫലം കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജില്ലയിലെ രോഗത്തിന്റെ തീവ്രത കണക്കിലെടുത്ത് ഹോട്ട് സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിലും ജനങ്ങൾ പരമാവധി വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്. അവശ്യവസ്തുക്കൾ ഹോം ഡെലിവറിയായി എത്തിക്കുന്ന രീതി ജില്ല മുഴുവൻ വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, വാഹനങ്ങൾ പുറത്തിറക്കുന്നതിൽ ഗണ്യമായ കുറവുണ്ട്. കണ്ണൂരിൽ ഹോട്ട്സ്പോട്ടുകളായി പരിഗണിച്ച തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങൾ പൂർണമായും സീൽ ചെയ്തിരിക്കുകയാണ്. ജില്ലയിൽ നിയന്ത്രണം ലംഘിച്ച നിരത്തിലിറങ്ങിയതിന് 437 കേസുകളാണ് ചൊവ്വാഴ്ച രജിസ്റ്റർ ചെയ്തിട്ടുള്ളത്. 347 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
Discussion about this post