തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസ നടപടിയുമായി സര്‍ക്കാര്‍. ആശ വര്‍ക്കര്‍മാര്‍ക്ക് 2020 മാര്‍ച്ച് വരെ ഓണറേറിയവും ഇന്‍സന്റീവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയഡ്യൂട്ടിയില്‍ ആയതിനാല്‍ ആശാവര്‍ക്കര്‍മാര്‍ക്ക് 2020 മാര്‍ച്ച് മുതല്‍ മെയ് വരെ നിബന്ധനകള്‍ പരിശോധിക്കാതെ ഓണറേറിയവും നിശ്ചിത ഇന്‍സന്റീവും നല്കാന് അനുമതി നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ മാര്‍ച്ച് മുതല്‍ കൊവിഡ് കാലയളവില്‍ അധിക ഇന്‍സന്റീവായി പ്രതിമാസം ആയിരം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തുള്ള 26,475 ആശാവര്‍ക്കര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും
മുഴുവന്‍ സമയത്തും ജോലി ചെയ്യുന്ന ആശ വര്‍ക്കര്‍മാരെ അഭിനന്ദിച്ച മുഖ്യമന്ത്രി, കൊവിഡ് കാലത്ത് പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക ചുമതലകളാണ് ആശാവര്‍ക്കര്‍മാര്‍ നിര്‍വഹിക്കുന്നത് എന്നും പറഞ്ഞു. വിദേശത്ത് നിന്ന് വന്നവരുടെയും കൊവിഡ് ബാധിത സംസ്ഥാനങ്ങളില്‍ നിന്നുവന്നവരുടെയും പട്ടിക തയ്യാറാക്കുക, അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെയും ജീവിത ശൈലി രോഗമുള്ളവരുടെയും പട്ടിക തയ്യാറാക്കി ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ സേവനങ്ങള്‍ ചെയ്യുന്നത് ആശാവര്‍ക്കര്‍മാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post