കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത ഹൗസ് സര്‍ജന്മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം
ഡല്‍ഹിയിലേക്ക് വിനോദയാത്ര പോയ ഇവര്‍ തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടായിരുന്ന ട്രെയിനിലായിരുന്നു.
പത്ത് പേര്‍ അടങ്ങുന്ന സംഘമായിരുന്നു വിനോദയാത്ര പോയത്. തിരികേ എത്തിയതിന് ശേഷം ഒന്‍പതു പേര്‍ മെഡിക്കല്‍ കോളേജിന് സമീപമുള്ള വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ക്വാറന്റൈന്‍ പൂര്‍ത്തിയായ സമയത്ത് നടത്തിയ പരിശോധനയിലാണ് ഇവരില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
അതെസമയം സംസ്ഥാനത്ത് ഇനിയും ജാഗ്രത തുടരേണ്ടതുണ്ട് എന്ന വസ്തുതയാണ് ഇന്നലെയും ഇന്നുമായി സ്ഥിരീകരിച്ച കൊവിഡ് രോഗികളുടെ എണ്ണം സൂചിപ്പിക്കുന്നത്. രോഗമുക്തി നേടിയവരെക്കാള്‍ കൂടുതല്‍ പോസീറ്റീവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ സംസ്ഥാനത്ത് 19 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൂടാതെ പത്തനംതിട്ടയില്‍ രണ്ടാം ഘട്ടത്തില്‍ കൊവിഡ് സ്ഥിരീകരിച്ച 62 കാരിക്ക് 42 ദിവസമായിട്ടും അസുഖം മാറിയിട്ടില്ല എന്നതും ആശങ്ക ജനിപ്പിക്കുന്ന കാര്യമാണ്. ഇതുവരെ പരിശോധിച്ച ഇവരുടെ 20 സാമ്പിളുകളില്‍ 19 എണ്ണവും പോസിറ്റീവാണ്. ഒരു ഫലം മാത്രമാണ് നെഗറ്റീവ് ആയി വന്നത്.
Discussion about this post