കാസര്‍കോട്: ഗുജറാത്തില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പത്ത് ടണ്‍ പഴകിയ മത്സ്യം കാസര്‍കോട് വെച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. കാസര്‍കോട്-കണ്ണൂര്‍ ദേശീയ പാതയില്‍ ചെറുവത്തൂര്‍ ആര്‍ടിഒ ചെക്ക്‌പോസ്റ്റില്‍ പുലര്‍ച്ചെയോടെയാണ് പഴകിയ മത്സ്യം പിടികൂടിയത്. ഗുജറാത്തില്‍ നിന്നും കോഴിക്കോട്ടേക്ക് കൊണ്ട് പോവുകയായിരുന്ന 40 ലക്ഷം രൂപയുടെ പഴകിയ മീനാണ് അധികൃതര്‍ പിടികൂടിയത്. കണ്ടെയ്‌നര്‍ ലോറിയില്‍ 350 ബോക്‌സുകളിലായിട്ടാണ് മല്‍സ്യം സുക്ഷിച്ചിരുന്നത്.
ഭക്ഷ്യവകുപ്പിന്റെ മൊബൈല്‍ പട്രോളിങ് സംഘത്തിന് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് 350 ബോക്‌സുകളിലായി സൂക്ഷിച്ച പഴകിയ മത്സ്യം കണ്ടെത്തിയത്. പിടികൂടിയ മത്സ്യം അധികൃതര്‍ നശിപ്പിച്ചു കളഞ്ഞു.
ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും പഴകിയ മത്സ്യം പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്താകെ 4612.25 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യമാണ് പിടിച്ചെടുത്തത്. 198 കേന്ദ്രങ്ങളില്‍ നടന്ന പരിശോധനകളില്‍ 21 പേര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം അമരവിളയില്‍ നിന്നും കടമ്പാട്ടുകോണത്ത് നിന്നും മാത്രം 4350 കിലോഗ്രാം പഴകിയ മത്സ്യമാണ് അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ച് കളഞ്ഞത്.
Discussion about this post