തൃശ്ശൂർ: മലയാളി പൊളിയല്ലേ എന്ന സോഷ്യൽമീഡിയയിൽ ഇപ്പോൾ തരംഗമായിരിക്കുന്ന വാക്കുകൾ പോലെയാണ് മലയാളികളുടെ പ്രവർത്തിയും, പൊങ്കാല എന്ന വാക്ക് തന്നെ സോഷ്യൽമീഡിയയ്ക്ക് സമ്മാനിച്ച മലയാളികൾ വിരോധമുള്ള ആളെ തേച്ചൊട്ടിക്കാൻ ഏതറ്റം വരേയും പോകും. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ആണ് മലയാളികളുടെ പുതിയ വേട്ടമൃഗം. മിസൈൽ പരീക്ഷണങ്ങളിലൂടെ ഏഷ്യയെ തന്നെ ഭയത്തിൽ നിർത്തിയ കിം ജോങ് ഉന്നൊക്കെ മല്ലൂസിന് വെറും കോമഡി കഥാപാത്രമാണെന്ന് തോന്നും. കിം ജോങിന്റേതെന്ന് കരുതുന്ന ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സിൽ ഇപ്പോൾ ട്രോൾ കമന്റുകളുമായി മലയാളികൾ പാ വിരിച്ച് കിടക്കുകയാണ്.
കഴിഞ്ഞദിവസം അമേരിക്കയിൽ നിന്നും പുറത്തുവന്ന വാർത്തയാണ് എല്ലാ സംഭവങ്ങളുടേയും തുടക്കം. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്നും കോമയിലാണെന്നും ഒക്കെയാണ് അമേരിക്കൻ മാധ്യമങ്ങൾ വച്ചുകാച്ചിയത്. കേരളത്തിലെ മാധ്യമങ്ങളും ഇത് അതീവ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 11ന് ശേഷം കിം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നായിരുന്നു കിമ്മിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങൾ പരക്കാൻ കാരണം.
പക്ഷെ, മലയാളികൾ വെറുതെ ഇരിക്കുമോ? സത്യം അന്വേഷിച്ച് കൊറിയ നവരെ പോകാൻ ലോക്ക് ഡൗൺ അനുവദിക്കാത്തത് കൊണ്ട് സോഷ്യൽമീഡിയയിൽ കയറി അങ്ങ് തപ്പി. കൈയ്യിൽ കിട്ടിയ കിം ജോങ് ഉന്നിന്റേതെന്ന് സംശയിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടിലാകട്ടെ നിരന്തരം അപ്ഡേഷനും ഉണ്ട്. കോമയിലാണെന്ന് പറഞ്ഞ കിം അതാ ആരോഗ്യവാനായി മിസൈൽ പരീക്ഷണങ്ങളൊക്കെ നടത്തി സൈനികരെ അഭിനന്ദിക്കുന്നു. ഈ ചിത്രങ്ങളൊക്കെ കഴിഞ്ഞദിവസങ്ങളിലായി അപ്ലോഡ് ചെയ്തതുമാണ്. പിന്നെ പറയണ്ടല്ലോ മലയാളികൾ പൊങ്കാല തുടങ്ങി.
ഇത് അങ്ങയുടെ പുനർ ജന്മമാണെന്നും മലയാളത്തിലെ മാധ്യമങ്ങൾ താങ്കളെ കൊന്നിരിക്കുകയാണ്, ഒന്നും നോക്കണ്ട, നല്ല മിസൈൽ നോക്കി ഇങ്ങോട്ടേക്ക് അയച്ചേക്ക് എന്നൊക്കെയാണ് മലയാളികൾ മലയാളത്തിൽ തന്നെ കമന്റ് ചെയ്യുന്നത്. നിരവധി പൊട്ടിച്ചിരിപ്പിക്കുന്ന ട്രോളുകളും ട്രോൾ കമന്റുകളും കൂട്ടത്തിലുണ്ട്. ഇനി യഥാർത്ഥത്തിൽ കിം ജോങ് ഉൻ ഈ കമന്റുകൾ കാണുകയാണെങ്കിൽ കേരളത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഉറപ്പ്.
അതേസമയം, ഉത്തര കൊറിയയിൽ പുറത്തുനിന്നുള്ള എല്ലാ വസ്തുക്കൾക്കും എന്ന പോലെ തന്നെ അമേരിക്കൻ ഒറിജിനായ ഫേസ്ബുക്കിനും വിലക്കുണ്ടെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഈ അക്കൗണ്ട് ഫേയ്ക്ക് ആകാനാണ് സാധ്യത കൂടുതൽ. ഇത് കിമ്മിന്റെ ഔദ്യോഗിക അക്കൗണ്ട് അല്ല എന്നത് എന്തായാലും ഉറപ്പാണ്. എന്നാലും പിന്മാറാൻ തങ്ങൾ തയ്യാറല്ല എന്നും പല കമന്റുകളും സൂചിപ്പിക്കുകയും ചെയ്യുന്നു.
ഹൃദയശസ്ത്രക്രിയയെ തുടർന്ന് കിം അതീവ ഗുരുതര നിലയിൽ തുടരുകയാണെന്നാണ് വിവിധ യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ഇതേക്കുറിച്ച് പ്രതികരിക്കാൻ വൈറ്റ്ഹൗസ് തയാറായില്ല. എന്നാൽ, കിമ്മിന്റെ ആരോഗ്യനില ഗുരുതരമാണെന്ന സൂചന ഉത്തര കൊറിയയിൽ നിന്നില്ലെന്ന് പേരു വെളിപ്പെടുത്താത്ത രണ്ട് ദക്ഷിണ കൊറിയൻ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സിഎൻഎന്നിന്റെ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് കൊറിയകളുടെ ആഭ്യന്തര കാര്യ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന യൂണിഫിക്കേഷൻ മന്ത്രാലയവും അറിയിച്ചു. ഹൃദയശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന കിമ്മിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന തരത്തിൽ സോൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദക്ഷിണ കൊറിയൻ വെബ്സൈറ്റ് ‘ഡെയ്ലി എൻകെ’ എന്ന മാധ്യമത്തിന്റെ റിപ്പോർട്ടും പുറത്തുവന്നു. ഹ്വാങ്സാനിലെ ആശുപത്രിയിൽ ഏപ്രിൽ 12ന് ശസ്ത്രക്രിയയ്ക്കു വിധേയനായ കിം, തുടർന്ന് ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. ഹൃദയവുമായി ബന്ധിക്കുന്ന രക്തക്കുഴലുകൾക്കു വീക്കം സംഭവിച്ചതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് മുതൽ കിം ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു. ശസ്ത്രക്രിയയെത്തുടർന്ന് ഉത്തര കൊറിയയ്ക്കു കിഴക്ക് മൗണ്ട് കുംഗാങ്ങിലെ ഒരു വില്ലയിൽ കിം വിശ്രമിക്കുകയാണെന്നും ഡെയ്ലി എൻകെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ ഉത്തര കൊറിയയിൽ നിന്നും വാർത്ത പുറത്തുവരാതെ ഒന്നും സ്ഥിരീകരിക്കാനും സാധിക്കില്ല.
Discussion about this post