കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് ഐജി അശോക് യാദവ്. ജില്ലയിലെ ഹോട്‌സ്‌പോട്ടുകളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് മുന്നില്‍ പോലീസ് പട്രോളിംഗ് ആരംഭിക്കും. ഹോട്‌സ്പോട്ടുകളില്‍ മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ.
അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റു ചെയ്യുമെന്നും കൂടുതല്‍ ജില്ലയില്‍ പോലീസിനെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കണ്ണൂരിലാണ്. 54 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം വരെ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സാഹചര്യമില്ലെന്ന വിലയിരുത്തലിലായിരുന്നു അധികൃതര്‍. എന്നാല്‍ ഇന്നലെ ജില്ലയില്‍ പത്ത് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന് ജനങ്ങള്‍ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യവും വന്നതോടെ കടുത്ത നിയന്ത്രണ നടപടികളിലേക്ക് കടക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരാവുകയായിരുന്നു.