തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ള 87,29000 കാര്‍ഡുടമകളിലെ 84, 45000 കാര്‍ഡുടമകള്‍ക്ക് ഈ മാസം സൗജന്യ റേഷന്‍ വിതരണം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൂടാതെ മെയ് മാസം വിതരണം ചെയ്യാനുള്ള അരിയും ഗോതമ്പും വിതരണത്തിനായി റേഷന്‍ കടകളില്‍ തയ്യാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് റേഷന്‍ വിതരണം നിശ്ചയിച്ച രീതിയില്‍ തന്നെ ലക്ഷ്യം നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആകെ കാര്‍ഡിന്റെ 96.66 ശതമാനം ഇതുവരെ വിതരണം നടത്തി. ഇന്നുവരെ 1,40,272 മെട്രിക് ടണ്‍ അരിയും 15,007 മെട്രിക് ടണ്‍ ഗോതമ്പുമാണ് വിതരണം ചെയ്തത്.
നിയന്ത്രണങ്ങളുള്ള ഈ കാലത്ത് ജനങ്ങള്‍ പട്ടിണിയിലാവാതിരിക്കാന്‍ മെയ് മാസം വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യങ്ങളും റേഷന്‍ കടകളില്‍ വിതരണം ചെയ്യാന്‍ തയ്യാറായിട്ടുണ്ട്. കേന്ദ്ര പദ്ധതി പ്രകാരം നല്കുന്ന സൗജന്യ റേഷന്‍ വിതരണം ഇന്നലെ ആരംഭിച്ചു. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുള്ള കുടുംബത്തിനുള്ള വിതരണമാണ് ആരംഭിച്ചത്.ഏപ്രില്‍ 26 ന് ഇത് പൂര്‍ത്തീകരിക്കും.
അതേസമയം, സംസ്ഥാനത്ത് 27 മുതല്‍ പലവ്യജ്ഞന കിറ്റ് വിതരണം ചെയ്യും. പിങ്ക് കാര്‍ഡുകാര്‍ക്കാണ് ഇനി കിറ്റ് വിതരണം ചെയ്യുക. അന്ത്യോധയ കുടുംബങ്ങളില്‍ പെട്ട 5,74,768 മഞ്ഞ കാര്‍ഡുകള്‍ക്കുള്ള വിതരണം നടന്നുകഴിഞ്ഞു. 31 ലക്ഷത്തോളം വരുന്ന കുടുംബങ്ങള്‍ക്കാണ് പിങ്ക് കാര്‍ഡുള്ളത്. അതിന്റെ വിതരണത്തിന് ശേഷം ബാക്കി കുടുംബങ്ങള്‍ക്കുള്ള കിറ്റും വിതരണം ചെയ്യും.