കൊല്ലം: പോലീസ് ജീപ്പ് കൈകാണിച്ച് നിര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ ദുരിതാസ്വാസ നിധിയിലേക്ക് പണം നല്‍കി മാതൃകയായി വയോധിക. തേവലക്കര അരിനല്ലൂര്‍ കല്ലുംപുറത്ത് ലളിതമ്മ (70)ആണ് തന്റെ സമ്പാദ്യമായ 5101 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കശുവണ്ടി തൊഴിലാളിയാണ് ലളിതമ്മ.
ചവറ തെക്കുംഭാഗം പോലീസ് പട്രോളിങ്ങിന്റെ ഭാഗമായി അരിനല്ലൂര്‍ കല്ലുംപുറം ജങ്ഷന്‍വഴി പോകുമ്പോഴാണ് ലളിതമ്മ ജീപ്പിന് കൈകാണിച്ചത്. പരാതി പ്രതീക്ഷിച്ചാണ് ഉദ്യോഗസ്ഥര്‍ വണ്ടി നിര്‍ത്തിയത്. ”സാറേ എനിക്കും മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് സഹായിക്കണം” എന്നായിരുന്നു അവരുടെ വാക്കുകള്‍. ഇതു കേട്ടതോടെ പൊലീസ് ഉദ്യോഗസ്ഥരുടെയും മനം നിറഞ്ഞു.
തിരികെ വരാമെന്ന് ഉറപ്പ് നല്‍കിപ്പോയ പോലീസ് സംഘം പിന്നീട് ലളിതമ്മയുടെ വീട്ടിലെത്തി 5101 രൂപ സ്വീകരിക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ രാജേഷ്‌കുമാറാണ് ഏറ്റുവാങ്ങിയത്. കോവിഡ് വ്യാപനത്തില്‍ ദുരിതമനുഭവിക്കുമ്പോള്‍ നാടിനു സഹായമേകാന്‍ തന്നാല്‍ കഴിയുന്ന സഹായമായാണ് സ്വരൂപിച്ചുവച്ച തുക നല്‍കുന്നതെന്ന് ലളിതമ്മ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ലളിതമ്മയുടെ നന്മയെ അഭിനന്ദിച്ച് രംഗത്തെത്തി. ഇതുപോലെ അനേകമാളുകള്‍ കാണിക്കുന്ന ത്യാഗസന്നദ്ധതയും സര്‍ക്കാരില്‍ അര്‍പ്പിക്കുന്ന വിശ്വാസവും ആണ് ഈ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിനു ഊര്‍ജ്ജം പകരുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.