കൊച്ചി: വടുതല വാത്സല്യഭവന്‍ അനാഥാലയത്തിലെ കുട്ടികള്‍ നിര്‍മ്മിച്ച് നല്കിയ മാസ്ക് പങ്കുവെച്ച് കളക്ടര്‍ എസ് സുഹാസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഹൃദയം തൊടുന്ന കുറിപ്പുമായി രംഗത്തെത്തിയത്. ‘ഇതിലും വലിയ സംരക്ഷണം ഇല്ല! ഇവരുടെ സ്നേഹത്തിന് മുന്‍പിലാണ് നമ്മള് തോറ്റുപോകുന്നത്,’ എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്.
‘Thank you Suhas sir’ എന്ന് തുന്നിച്ചേര്‍ത്ത മാസ്ക് അണിഞ്ഞുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് കളക്ടറുടെ കുറിപ്പ്. കൊറോണക്കാലത്ത് കുട്ടികള്‍ക്കും സാമൂഹ്യസേവനം ചെയ്യാനാകുമെന്നതിന്റെ ഉത്തമോദാഹരണമാണ് വാത്സല്യഭവനിലെ കുഞ്ഞനുജത്തിമാരുടെ പ്രവൃത്തിയെന്നും കൊറോണ അതിജീവിച്ച ശേഷവും മാസ്ക് നിധിപോലെ സൂക്ഷിക്കുമെന്നും എസ് സുഹാസ് കുറിക്കുന്നു. തിരക്കൊഴിഞ്ഞ ശേഷം കുഞ്ഞനുജത്തിമാരെ കാണാന്‍ കുടുംബസമേതം എത്തുമെന്ന് ഉറപ്പുനല്‍കിയാണ് കളക്ടര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഇതിലും വലിയ സംരക്ഷണം ഇല്ല !
ഇവരുടെ സ്നേഹത്തിന് മുന്‍പിലാണ് നമ്മള് തോറ്റുപോകുന്നതു.
വടുതല വാത്സല്യ ഭവന് അനാഥാലയത്തിലെ കുഞ്ഞനുജത്തിമാര്‍ ചേര്‍ന്ന് നിര്‍മിച്ചു നല്‍കിയതാണ് ഈ മാസ്ക്. ഈ കൊറോണ കാലത്തു ഈ പ്രായത്തിലും എങ്ങനെ സമൂഹ സേവനം ചെയ്യാം എന്നതിന് ഉത്തമ ഉദാഹരണമാണിത് . എനിക്ക് മാത്രമല്ല , നിരവധി പോലീസ് സ്റ്റേഷനുകളിലും ഇവര്‍ മാസ്ക് നല്‍കിയിട്ടുണ്ട് , വില്ക്കുകയല്ല ആ സ്നേഹം ജനങ്ങളിലേക്ക് എത്തുകയാണ് . അവരുടെ മനസ് പോലെ വര്‍ണ ശബളമാണ് ഈ മാസ്കുകള്‍. ഈ കൊറോണ കാലം അതിജീവിച്ചതിനു ശേഷവും കഴുകി വൃത്തിയാക്കി ഒരു നിധി പോലെ ഞാന്‍ ഈ മാസ്ക് സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നു.
ഈ സ്നേഹത്തിന്റെയും കരുതലിന്റെയും മുന്പില് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല . ഈ തിരക്കൊക്കെ ഒഴിഞ്ഞു ഒരു ദിവസം കുടുംബമായി ഈ അനുജത്തിമാരോടൊപ്പം ചിലവഴിക്കാന്‍ ഞാന്‍ എത്താം എന്ന വാക്കു മാത്രം .
Discussion about this post