മലപ്പുറം: മലപ്പുറം ജില്ലയില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇതുവരെ അറസ്റ്റിലായത് 42 പേര്‍. പതിമൂന്ന് വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. അതേസമയം ജില്ലയില്‍ മെയ് മൂന്ന് വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചത്. ജില്ലയില്‍ പതിമൂന്ന് കേന്ദ്രങ്ങളാണ് അതിതീവ്രമേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലയിലെ അതിതീവ്രമേഖലകളായ പ്രഖ്യാപിച്ച പഞ്ചായത്തുകളിലും നഗരസഭകളിലും അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ അനുവദിക്കില്ല. അത്യാവശ്യ യാത്രകള്‍ മാത്രമെ രോഗബാധിത പഞ്ചായത്തുകള്‍ക്ക് അകത്തും അനുവദിക്കുകയുള്ളൂ. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചത്.
അതേസമയം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് 19 വൈറസ് ബാധമൂലം ചികിത്സയിലുണ്ടായിരുന്ന ആള്‍ ഇന്ന് വീട്ടിലേക്ക് മടങ്ങും. കൊവിഡ് രോഗമുക്തനായ കല്‍പകഞ്ചേരി കന്മനം തൂവ്വക്കാട് സ്വദേശി പാറയില്‍ അബ്ദുള്‍ ഫുക്കാര്‍ ആണ് ഇന്ന് ആശുപത്രി വിടുന്നത്. തുടര്‍ച്ചയായുള്ള മൂന്ന് ടെസ്റ്റിലും ഇയാളുടെ ഫലം നെഗറ്റീവായിരുന്നു. അതേസമയം അടുത്ത രണ്ടാഴ്ച ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും അധികൃതര്‍ അറിയിച്ചു.