കൊച്ചി: 9 മണിക്കൂര്‍ 35 മിനിറ്റ് ഈ സമയത്തിനുള്ളില്‍ യുവഡോക്ടറായ വേങ്ങൂര്‍ മുണ്ടേംപിള്ളി ഡോ. എബിന് അഗസ്റ്റിന് (31) ഓടിയത് 64.26 കിലോമീറ്ററാണ്. വീട്ടുമുറ്റത്തെ 40 മീറ്ററില്‍ ആണ് എബിന് 64 കിലോമീറ്റര്‍ ഓടി സോഷ്യല്‍മീഡിയയെ പോലും അമ്പരപ്പിക്കുന്നത്. ശനിയാഴ്ച വൈകിട്ട് 6. 45ന് തുടങ്ങിയ ഓട്ടം അവസാനിച്ചത് ഇന്നലെ രാവിലെ 6.45നായിരുന്നു. ഉറങ്ങാതെ 12 മണിക്കൂറിനുള്ളിലാണ് ഇദ്ദേഹം ഈ നേട്ടം സ്വന്തം മാക്കിയിരിക്കുന്നത്.
ഭക്ഷണം കഴിക്കാനും കാലിനു വിശ്രമം അനുവദിക്കാനുമായി ഇതിനിടയില്‍ രണ്ടു മണിക്കൂറും 25 മിനുട്ടും എടുത്തു.വീടിനു പുറത്തേക്കിറങ്ങിയാല്‍ മാത്രമെ പ്രഭാത സവാരിയും വ്യായാമവും ചെയ്യാന്‍ പറ്റുകയുള്ളുവെന്ന അബദ്ധ ധാരണ പൊളിച്ചടുക്കുന്നതാണ് ഡോക്ടറുടെ ഈ അള്‍ട്രാ മാരത്തോണ്‍. കുറഞ്ഞ സ്ഥലത്തും പ്രഭാത സവാരിയും വ്യായാമവും നടത്താം. ലോക്ഡൗണ്‍ ലംഘിച്ചു പ്രഭാത സവാരി നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതു കൊണ്ടാണ് ഇത്തരത്തില്‍ മാരത്തണ്‍ നടത്തിയതെന്നു ഡോ. എബിന് പ്രതികരിച്ചു. ആള്‍ക്കൂട്ടത്തെ ഒഴിവാക്കാനാണ് മാരത്തണ്‍ രാത്രിയിലേക്കു മാറ്റിയതെന്നും അദ്ദേഹം പറയുന്നു.
എബിന്റെ പിതാവ് അഗസ്റ്റിന് മാത്യുവും മാതാവ് സിനിയും ഭാര്യ മിറാന്‍ഡ,യും കുട്ടി സിഡേല്ലയും ഉറങ്ങാതെ മാരത്തണിനെ പിന്തുണയ്ക്കുകയും ചെയ്തു. ഊട്ടി, കൊടൈക്കനാല്‍, വാഗമണ്‍ തുടങ്ങിയ അന്‍പതോളം മാരത്തണ്‍,അള്‍ട്രാ മാരത്തണുകളില്‍ ഡോ.എബിന് പങ്കെടുത്തിട്ടുണ്ട്. മുംബൈ മാരത്തണിലാണ് അവസാനമായി പങ്കെടുത്തത്. ഒരു ഫാര്‍മ കമ്പനിയുടെ സൗത്ത് ഇന്ത്യന്‍ റീജന്‍ മെഡിക്കല്‍ അഡൈ്വസറാണ് ഡോ.എബിന്. നിരവധി പേര് അഭിനന്ദനങ്ങളും ആശംസകളും നേരുന്നുണ്ട്.
Discussion about this post