കൊറോണ പ്രതിരോധത്തില്‍ കാസര്‍കോട് രാജ്യത്തിന് തന്നെ മാതൃകയായെന്ന് മുഖ്യമന്ത്രി; കാസര്‍കോട് ജനറല്‍ ആശുപത്രി രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രിയായി

കാസര്‍കോട്: ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും കൊറോണ പടര്‍ന്നുപിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈറസ് പ്രതിരോധത്തില്‍ കേരളത്തിലെ കാസര്‍കോട് ജില്ല രാജ്യത്തിന് തന്നെ മാതൃകയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രി എന്ന നേട്ടം ഇനി കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സ്വന്തമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയായിരുന്നു കാസര്‍കോട്. ഇവിടെ 169 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 142 പേര്‍ക്കും രോഗം ഭേദമായി ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസം
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും 15 പേര്‍ക്കും ജില്ല ആശുപത്രിയില്‍ നിന്നും കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും രണ്ട് പേര്‍ക്കും വീതവുമാണ് രോഗം ഭേദമായത്.ഇനി ചികിത്സയിലുള്ളത് 27 പേര്‍മാത്രമാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ല ഏറെ ത്യാഗം സഹിച്ച് അതിനെ അതിജീവിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കൊറോണയെ പൂര്‍ണമായും തുടച്ചുനീക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ ഇനിയും ജില്ലയില്‍ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളെ ചികിത്സിച്ചു ഭേദമാക്കിയ ആതുരാലയമായി കാസര്‍കോട് ജനറല്‍ ആശുപത്രി മാറി. ഇവിടെ ചികിത്സ തേടിയ 91 രോഗികളില്‍ 82 പേര്‍ രോഗമുക്തരായി. ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച 169 പേരില്‍ ഇനി 27പേര്‍മാത്രമാണ് രോഗ ബാധിതരായി ചികിത്സയിലുള്ളത്. ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച 84 ശതമാനം പേര്‍ക്കും രോഗം ഭേദമായി. 54 പേര്‍മാത്രമാണ് ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.

Exit mobile version