തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രവാസികളെ പരിശോധിക്കാനും വിമാനത്താവളത്തിനു സമീപംതന്നെ ക്വാറന്റൈന് ചെയ്യാനും രോഗംസംശയിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റാനും സംസ്ഥാനസര്‍ക്കാര്‍ പദ്ധതിയുണ്ടാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ രണ്ടരലക്ഷം പേരെ ക്വാറന്റൈന് ചെയ്യാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്നും എന്നാല്‍ ഇതിലധികം പേര് വന്നാലും അവരെ ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കാനുള്ള സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രവാസികള്‍ക്ക് മടങ്ങാനുള്ള സൗകര്യം കേന്ദ്രം ഏര്‍പ്പെടുത്തണം. പ്രവാസികള്‍ മടങ്ങിയെത്തിയാല്‍ അവരുടെ മുഴുവന്‍ കാര്യവും സംസ്ഥാനം ഏറ്റെടുക്കുമെന്നും ക്വാറന്റൈന് മുതല്‍ വീട്ടിലെത്തിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രതീരുമാനം വരുന്നതുവരെ പ്രവാസികള്‍ ഇപ്പോള്‍ കഴിയുന്ന രാജ്യങ്ങളില്‍ അവിടങ്ങളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗള്‍ഫ്മേഖലയിലെ പ്രവാസികള്‍ക്ക് എംബസികള്‍, മലയാളിസംഘടനകള്‍ മുഖേന പരമാവധി സഹായവും പിന്തുണയും നല്‍കാനാണ് നോര്‍ക്ക വഴി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമക്കി. കൊറോണ പിടിമുറുക്കിയ സാഹചര്യത്തില്‍ നിരവധി മലയാളികളാണ് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറാണെന്ന് അറിയിച്ചത്.
Discussion about this post