തിരുവനന്തപുരം: കോട്ടയം, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അധിക ഇളവുകള്‍ പിന്‍വലിച്ചു. ഇളവുകളില്‍ മാറ്റം വരുത്തിയതായി ഇരുജില്ലാ ഭരണകൂടങ്ങളും അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി ഉണ്ടാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കോവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ ഏപ്രില്‍ 21ന് നിലവില്‍ വരുമെന്ന് അറിയിച്ചിരുന്ന ഇളവുകളില്‍ മാറ്റം വരുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
ഓട്ടോ ടാക്‌സി സര്‍വ്വീസുകള്‍ പാടില്ല. വ്യാപര സ്ഥാപനങ്ങള്‍ തുറക്കാനും നിയന്ത്രണം. വസ്ത്ര വ്യാപാര സ്ഥാപനങ്ങളും ജ്വല്ലറികളും തുറക്കുന്നതിന് നിരോധനം തുടരും. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പഴ്‌സല്‍ സര്‍വ്വീസ് മാത്രം.
പോലീസ് പരിശോധന മുന്‍ ദിവസങ്ങളിലേത് പോലെ തുടരും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 33 ശതമാനം ജീവനക്കാരുടെ ഹാജര്‍ ഉറപ്പാക്കി പ്രവര്‍ത്തിക്കണം. വാഹനത്തിലോ അല്ലാതെയോ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.
ഇടുക്കിയിലെ ഇളവുകളിലും മാറ്റം വന്നിട്ടുണ്ട്. ഓട്ടോ ടാക്‌സി സര്‍വീസുകള്‍ പാടില്ല. ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ മാത്രം അനുവദിക്കൂ. തുണിക്കട, സ്വര്‍ണ്ണക്കട, ഷോപ്പിംഗ് മാളുകള്‍ തുറക്കാന്‍ പാടില്ല. കടകളുടെ പ്രവര്‍ത്തനം രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ എന്നും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.