ബംഗളൂരു: നഴ്സായി ജോലി വാങ്ങിച്ചു തരാമെന്ന വ്യാജവാഗ്ദാനം നല്കി വിശ്വസിപ്പിച്ച് അര്‍മേനിയയിലേക്ക് കടത്താന്‍ ശ്രമിച്ച 32 മലയാളി പെണ്‍കുട്ടികളെ ബംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് മോചിപ്പിച്ചു. മനുഷ്യക്കടത്തിന്റെ ഭാഗമായിട്ടാണ് പെണ്‍കുട്ടികളെ അര്മേനിയയിലേക്ക തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസില്‍ ടോണി ടോം എന്നയാളെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളില്‍ ഭൂരിഭാഗം പേരും മംഗളൂരുവില്‍ പഠിച്ചതാണ്.
വിദേശത്ത് നഴ്സിംഗ് ജോലി നല്‍കുമെന്ന പത്രപരസ്യം കണ്ടതിനെ തുടര്‍ന്നാണ് ടോണി ടോംസിന്റെ ഹോപ്സിന് എഡ്യൂകേഷന്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടത്. പിന്നീട് നഴ്സിംഗ് ജോലിക്ക് ജര്‍മ്മന്‍ ഭാഷ നിര്‍ബന്ധമാണെന്നും അതിന് അര്‍മേനിയയിലെ ട്രഡിഷണല്‍ യൂണിവേഴ്സിറ്റി ഓഫ് മെഡിസിനില്‍ കോഴ്സിന് ചേരണമെന്നും പറഞ്ഞാണ് പെണ്‍കുട്ടികളെ എയര്‍പോര്‍ട്ടിലെത്തിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ അങ്ങിനെ ഒരു യൂണിവേഴ്സിറ്റി അര്‍മേനിയയില്‍ ഇല്ലെന്ന് വ്യക്തമായി.
തുടര്‍ന്ന് എയര്‍പോര്‍ട്ട് ഇമിഗ്രേഷന്‍ വിഭാഗം പോലീസിനെ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിക്ക് എയര്‍പോര്‍ട്ടിലെത്തിയ പെണ്‍കുട്ടികളോടൊപ്പം ടോമും ഉണ്ടായിരുന്നു. ടോമിന്റെ സ്ഥാപനം വിദേശത്ത് നഴ്സിംഗ് ജോലി തരപ്പെടുത്തി കൊടുക്കുമെന്നായിരുന്നു പത്രപരസ്യത്തിലെ വാഗ്ദാനം. ജര്‍മ്മന്‍ ഭാഷ പഠിക്കാനുള്ള ഫീസായി 1200 ഡോളറും വിമാന ടിക്കറ്റിന് 30,000 രൂപയുമടക്കം ഓരോ കുട്ടികളില്‍ നിന്നും ഏകദേശം ഒരു ലക്ഷം രൂപയാണ് വാങ്ങിയിരുന്നത്.
Discussion about this post