കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബിരുദം ഉപഭാഷാപരീക്ഷയുടെ മൂല്യ നിര്‍ണ്ണയ ക്യാംപിലെ പരീക്ഷ പേപ്പറിലെ മലയാള പാണ്ഡിത്യമാണ് ഇന്ന് ഏറെ ചര്‍ച്ചാ വിഷയമാകുന്നത്. മലയാളത്തിലെ അക്ഷര തെറ്റുകള്‍ ഓരോ അധ്യാപകരുടെയും കണ്ണ് തള്ളിക്കുകയാണ്. കൃഷ്ണഗാഥയുടെ വൃത്തം പല വിദ്യാര്‍ത്ഥികള്‍ക്കും മഞ്ജരിക്കു പകരം ‘മഞ്ചേരി’യായി. ചങ്ങമ്പുഴ ‘ചെങ്ങമ്പുഴ’യും വള്ളത്തോള്‍ ‘വെള്ളത്തോളു’മായി മാറി. ഇതാണ് അധ്യാപകരെ ഏറെ ചിരിപ്പിച്ചതും കുഴപ്പിച്ചതും.
ഈ തെറ്റുകള്‍ക്കെല്ലാം പുറമെ വലിയ അക്ഷരത്തെറ്റുകള്‍ക്കും കുറവില്ല. ചങ്ങമ്പുഴയുടെ പ്രശസ്തകൃതിയായ ‘കാവ്യനര്‍ത്തകി’യിലെ വരികള്‍ നല്‍കിയ ചോദ്യത്തിനും രസകരമായ മറുപടിയാണ് ഒരു വിദ്യാര്‍ത്ഥി എഴുതിയിട്ടുള്ളത്. ‘വിഭ്രമവിഷവിത്തു വിതയ്ക്കിലും ഹൃദിമേ… വിസ്മരിക്കില്ല ഞാന്‍ സുരസുഷമേ…’ ആര് ആരോടു പറഞ്ഞു എന്നതായിരുന്നു ചോദ്യം.
ശ്രീകൃഷ്ണന്‍ രുഗ്മിണിയോടു പറഞ്ഞതെന്നാണ് ഒരു വിരുതന്‍ എഴുതി വെച്ചത്. താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന മലയാളകവിതയായ കാവ്യനര്‍ത്തകിയോട് തന്നെ ഒരിക്കലും വിട്ടുപോകരുതെന്നു പറഞ്ഞ് കവി നടത്തുന്ന ആത്മഭാഷണമാണ് ഈ വരികള്‍. വിദ്യാര്‍ത്ഥികള്‍ക്ക് മലയാളഭാഷാ പരിജ്ഞാനം കുറഞ്ഞ് വരുന്നതിന്റെ സൂചനയാണ് ഉത്തരക്കടലാസിലുള്ളതെന്ന് അധ്യാപകര്‍ പറയുന്നു.
Discussion about this post