മലപ്പുറം: കൊറോണ കാലത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളും മറ്റും നടത്തിയും ജനങ്ങള്‍ക്ക് വേണ്ടവ എത്തിച്ച് നല്‍കിയും ഒരുപാട് ഏറെ നന്മ മുഖങ്ങള്‍ നാം കണ്ടിട്ടുണ്ട്. ഇപ്പോള്‍ നിറയുന്നത് ഒരു വിഭാഗം വൈറസ് വ്യാപനത്തെ തുടര്‍ന്ന് വീടുകളില്‍ അടച്ചിരിക്കുമ്പോള്‍ ചോരനീരാക്കി രാവും പകലും ഇല്ലാതെ സേവനം ചെയ്യുകയാണ് വര്‍ക്ക് ഷോപ്പ് ജീവനക്കാര്‍.
മലപ്പുറം ജില്ലയിലെ വര്‍ക്ക്ഷോപ്പിലെ അഞ്ച് തൊഴിലാളികളാണ് സര്‍ക്കാരിനും ജനങ്ങള്‍ക്ക് വേണ്ടിയും സേവനം ചെയ്യുന്നത്. ജില്ലയില്‍ കൊവിഡ് പോരാട്ടത്തില്‍ 95 വാഹനങ്ങളാണുള്ളത്. അഹോരാത്രം പായുന്ന ഈ വാഹനങ്ങള്‍ക്കുണ്ടായ കേടുപാടുകളും ചെറുതല്ല, ഇവ യുദ്ധകാലടിസ്ഥാനത്തില്‍ നന്നാക്കിയും ശരവേഗത്തില്‍ പായാനുള്ള കണ്ടീഷന്‍ ആക്കുകയാണ് ഇവര്‍. രാവും പകലും വ്യത്യാസമില്ലാതെയാണ് ഇവരുടെ പ്രവര്‍ത്തനം.
ആവശ്യ സേവനങ്ങള്‍ക്കായി എപ്പോഴും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണിവര്‍. ഓട്ടം കൂടുതലായതിനാല്‍ ആരോഗ്യവകുപ്പിന്റെ വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ കൂടുതലാണിപ്പോള്‍. സ്പെയര്‍ പാര്‍ട്സുകളുടെ ലഭ്യതകുറവ് മൂലം മേജര്‍ വര്‍ക്കുകളൊന്നും ചെയ്യാനും സാധിക്കുന്നില്ല. കൊറോണ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വര്‍ക്ക്ഷോപ്പ് ജീവനക്കാരെ അവധി ദിവസങ്ങളില്‍ വരെ നിയമിച്ചിരിക്കുകയാണ്.
രാത്രിയിലും വിളിച്ചാല്‍ വിളിപ്പുറത്തുണ്ടാകും ഇവര്‍. കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും ഇവര്‍ ഇതേ സേവനം നല്‍കിയിരുന്നു. ലോക്ക്ഡൗണ്‍ വന്നതോടെ വലിയ തിരക്കാണ് ഇവര്‍ക്ക്. മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ വാഹനങ്ങളും ഇവര്‍ നന്നാക്കി നല്‍കുന്നുണ്ട്. ഭൂജലവകുപ്പ്, കൃഷിവകുപ്പ്, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വാഹനങ്ങളും ഇവര്‍ ശരിയാക്കുന്നുണ്ട്. കൈയ്യടികളും അഭിനന്ദനങ്ങളും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റും മാത്രമല്ല, ഇതുപോലെ സംസ്ഥാനത്തിന് വേണ്ടി ചോരനീരാക്കുന്ന തൊഴിലാളികള്‍ക്കും അനിവാര്യം തന്നെയാണ്.
Discussion about this post